ഇസ്രയേല്‍ പ്രതിരോധ സേനയുടെ തലച്ചോര്‍, ബെന്യമിന്‍ നെതന്യാഹുവിനോട് പോലും ‘നോ’ പറയാന്‍ പോന്ന ചങ്കൂറ്റം. കഠിനഹൃദയന്‍.അതാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്‍റ് ജനറല്‍ ഇയാല്‍ സമീര്‍. തിരിച്ചടികളെ ഭയക്കാത്ത ജൂതസേനയുടെ കടിഞ്ഞാണ്‍ ഇന്ന് ഈ കരങ്ങളിലാണ് . അയാള്‍ പിന്‍തുടരുന്ന നിഘണ്ടുവില്‍ കരുണയെന്നൊരു വാക്കില്ല. ഇറാനെ മാത്രമല്ല ഇറാന്‍റെ പ്രോക്സി സംഘത്തെയും തുടച്ചുനീക്കുമെന്നാണ് സമീറിന്‍റെ പ്രഖ്യാപനം . ഇറാനെ കാക്കുന്ന കരങ്ങളെല്ലാം വെട്ടുമെന്നാണ് ഹിസ്ബുല്ലയ്ക്കുള്ള സമീറിന്‍റെ താക്കീത്.
യുദ്ധതന്ത്രങ്ങളിലും സൈനിക ആസൂത്രണത്തിലും ദീര്‍ഘകാലത്തെ പരിചയമാണ് സമീറിന്‍റെ സമ്പത്ത്. ദീര്‍ഘവീക്ഷണമാണ് അയാളുടെ മുഖമുദ്ര. അതിര്‍ത്തി സംരക്ഷണത്തിലും സൈന്യത്തെ ആധുനികവല്‍ക്കരിക്കുന്നതിലും സമീര്‍ നല്‍കിയ സംഭാവനകള്‍ക്ക് കണക്കില്ല, ഹെർസ്ലിയയിൽ ജനിച്ച ഇയാൽ സമീർ ചെറുപ്പകാലത്ത് തന്നെ സൈനികനാകാന്‍ കൊതിച്ചു, അക്കാദമിയിലെ പഠനത്തിന് ശേഷം കവചിത സേനയുടെ ഭാഗമായി രാജ്യസേവനം തുടങ്ങി, ടാങ്കുകള്‍ കൈകാര്യം ചെയ്യുന്നതില്‍ മികവ് കാട്ടി. ഗ്രൗണ്ട് ഫോഴ്‌സിന്‍റെയും പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഏകോപിപ്പിച്ചു.
പ്രവര്‍ത്തനമികവിലൂടെ പദവികളുടെ പടവുകള്‍ നടന്നുകയറി. ഗാസയിലെ വന്‍മതില്‍ നിര്‍മാണവും ഹമാസിന്‍റെ തുരങ്ക ശൃംഖലകൾ തകർക്കുന്നതിലും റോക്കറ്റ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിലും സമീര്‍ നടപ്പാക്കിയ തന്ത്രങ്ങൾ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. വന്‍മതില്‍ നിര്‍മാണം ഇസ്രായേലിന്‍റെ അതിർത്തി സുരക്ഷയിൽ പുതിയ അധ്യായം തുറന്ന നീക്കമായിരുന്നു.
ഇസ്രയേല്‍ ഭരണനേതൃത്വത്തെ സൈന്യവുമായി ഇണക്കുന്ന കണ്ണിയായി സമീര്‍ മറിയത് വളരെ പെട്ടെന്നാണ്, യുദ്ധതന്ത്രജ്ഞനായി വളര്‍ന്ന സമീര്‍ അങ്ങിനെ ബെന്യമിന്‍ നെതന്യാഹുവിന്‍റെ മിലിട്ടറി സെക്രട്ടറിയായി നിയമിതനായി. പശ്ചിമേഷ്യ അടക്കി വാഴാനുള്ള ഇസ്രയേല്‍ മോഹങ്ങള്‍ക്ക് അയാള്‍ ചിറകു നല്‍കി. ശത്രുനീക്കം പ്രവചിച്ച് സൈനിക വിന്യാസം നടത്തുന്നതില്‍ അനിതരസാധാരണമായ മിടുക്കു കാട്ടി.
വിദേശനയങ്ങള്‍ രൂപപ്പെടുത്തുന്നതിലും സുരക്ഷാ കാര്യങ്ങളിലും സമീറിന്‍റെ വാക്കുകള്‍ക്ക് അതോടെ പ്രഥമപരിഗണന ലഭിച്ചു. പശ്ചിമേഷ്യ ഒന്നടങ്കം അടക്കിവാഴാന്‍ ഇസ്രയേലിന് ധൈര്യം പകരുന്നതും സമീറിന്‍റെ സാന്നിധ്യമാണ്. കഠിനമായ വെല്ലുവിളികളിലും ശാന്തമായി തീരുമാനമെടുക്കുന്ന കർക്കശക്കാരനായ സൈനിക മേധാവിയാണ് സമീര്‍, രാജ്യാന്തര തലത്തിലും ആദരിക്കപ്പെടുന്ന സൈനിക വ്യക്തിത്വം. വിദേശ രാജ്യങ്ങളുമായുള്ള സുരക്ഷാ സഹകരണങ്ങളിൽ ഇസ്രായേലിനെ പ്രതിനിധീകരിച്ചു. ഇറാനെതിരായ വ്യോമാക്രമണം തുടരുന്നതില്‍ ലോക രാജ്യങ്ങള്‍ക്കിടെയില്‍ നിന്നെല്ലാം പ്രതിഷേധം കനക്കുമ്പോഴും നെതന്യാഹുവിനെ പ്രതിരോധിക്കുന്നത് സമീറാണ്. ഇനിയൊരു യുദ്ധവിരാമത്തിന് ഇസ്രേയേല്‍ തയ്യാറാകണമെങ്കില്‍ അത് ആദ്യം സമീറിന് ബോധ്യപ്പെടണമെന്ന് ചുരുക്കം.