Image Credit: X@TheBritishIntel
യു.എസ് മുങ്ങികപ്പല്‍ മുക്കിയ ഇറാനിയന്‍ യുദ്ധക്കപ്പല്‍ ഐആര്‍ഐഎസ് ദേനയിലെ നാവികന്‍ ആക്രമണത്തിന് തൊട്ടുമുന്‍പ് പിതാവിനെ വിളിച്ചതായി റിപ്പോര്‍ട്ട്. ആക്രമിക്കുന്നതിന് മുന്‍പ് കപ്പല്‍ ഉപേക്ഷിക്കാന്‍ യു.എസ് സൈന്യം രണ്ടു നാവികര്‍ക്ക് അന്ത്യശാസനം നല്‍കി അദ്ദേഹം പിതാവിനോട് പറഞ്ഞതായി ഇറാന്‍ ഇന്‍റര്‍നാഷണല്‍ എന്ന വാര്‍ത്ത വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എസ് ആക്രമണത്തില്‍ നാവികന്‍ കൊല്ലപ്പെട്ടിരുന്നു.
യു.എസ് സൈന്യത്തിന്‍റെ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും കപ്പലിലെ കമാന്‍ഡര്‍ ഒഴിഞ്ഞുപോകാന്‍ ഉത്തരവിട്ടില്ലെന്നാണ് കുടുംബത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നത്. കമാന്‍ഡറുമായി നിരവധി നാവികര്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. രക്ഷപ്പെട്ട 32 പേര്‍ ഉത്തരവ് ലംഘിച്ച് ലൈഫ്ബോട്ടുകളില്‍ രക്ഷപ്പെട്ടവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
മാര്‍ച്ച് നാലിനാണ് യു.എസ് മുങ്ങിക്കപ്പില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ച് ഇറാനിയന്‍ യുദ്ധകപ്പലായ ഐആര്‍ഐഎസ് ദേനയെ ടോർപ്പിഡോ ഉപയോഗിച്ച് ആക്രമിക്കുന്നത്. 180 അംഗങ്ങളുണ്ടായ കപ്പലില്‍ 87 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. ശ്രീലങ്കന്‍ തീരത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നാലെ ശ്രീലങ്കന്‍ നേവിയും വ്യോമസേനയുമാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. അന്തർവാഹിനിയായ യുഎസ്എസ് ഷാർലറ്റ് ആണ് ആക്രമണം നടത്തിയത്. മാർക്ക് 48 ടോർപ്പിഡോകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന് പിന്നാലെ കപ്പല്‍ മുങ്ങുകയായിരുന്നു.
കപ്പല്‍ മുങ്ങുന്നതിന് മുന്‍പ് ശ്രീലങ്കയുടെ തെക്കന്‍ തുറമുഖമായ ഗാല്ലെയില്‍ അടുപ്പിക്കാനായി അനുമതി തേടിയിരുന്നതായി കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ എംപി വ്യക്തമാക്കിയിരുന്നു. അപേക്ഷയോട് സര്‍ക്കാര്‍ 11 മണിക്കൂറിന് ശേഷമാണ് പ്രതികരിച്ചതെന്നും എന്തിനാണ് സര്‍ക്കാര്‍ ഇത്രയും വൈകിയതെന്നും ശ്രീലങ്കന്‍ പ്രതിപക്ഷ എംപി മുജീബുര്‍ റഹ്മാന്‍ പാര്‍ലമെന്‍റില്‍ ചോദിച്ചിരുന്നു.