An explosion in the sea, after missiles were launched towards Israel from Iran following strikes by Israel and the U.S. on Iran, as seen from Haifa, northern Israel, February 28, 2026. REUTERS/Rami Shlush ISRAEL OUT. NO COMMERCIAL OR EDITORIAL SALES IN ISRAEL TPX IMAGES OF THE DAY

ഇറാൻ തലസ്‌ഥാനമായ ടെഹ്റാനിൽ വീണ്ടും ശക്തമായ സ്ഫോടനങ്ങൾ നടന്നതിന് തൊട്ടുപിന്നാലെ ലെബനനില്‍ നിന്ന് വടക്കന്‍ ഇസ്രയേലിലേക്ക് കനത്ത ഷെല്ലാക്രമണം. ഹൈഫയിലും അപ്പര്‍ ഗലീലിയിലെ പരിസര പ്രദേശങ്ങളിലും അപായ സൈറണുകള്‍ മുഴങ്ങി.  ലെബനനില്‍ നിന്നെത്തിയ ഒരു റോക്കറ്റ് പ്രതിരോധിക്കാന്‍ കഴിഞ്ഞുവെന്നും പക്ഷേ മറ്റുള്ളവ തുറസായ സ്ഥലങ്ങളില്‍ വീണുവെന്നുമാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നത്.  ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും നാശനഷ്ടങ്ങളുണ്ടായോ എന്ന് വിലയിരുത്തുകയാണെന്നും ഇസ്രയേല്‍ സൈനിക വക്താവ് അറിയിച്ചു. 

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഹിസ്ബുല്ലയാകാം ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണിലെ ഇസ്രയേല്‍–ഇറാന്‍ യുദ്ധത്തില്‍ ഹിസ്ബുല്ല ഇടപെട്ടിരുന്നില്ല. ആ സ്ഥിതിക്ക് ഈ ആക്രമണത്തിന് പിന്നില്‍ ഹിസ്ബുല്ലയെന്ന് സ്ഥിരീകരിക്കാനാവില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2024 നവംബറില്‍ യുഎസ് മുന്‍കൈയെടുത്ത് വന്ന വെടിനിര്‍ത്തലിന് ശേഷം ഇതാദ്യമായാണ് ലെബനനില്‍ നിന്നും ഇസ്രയേലിന് നേരെ ആക്രമണം ഉണ്ടാകുന്നത്. 

പ്രാദേശിക സമയം രാത്രി ഒന്‍പതു മണിയോടെയായിരുന്നു  ടെഹ്റാനില്‍ സ്ഫോടനങ്ങളുണ്ടായത്. ടെഹ്റാനിലെ ഒരു പൊലീസ് സ്റ്റേഷനുനേരെ ആക്രമണമുണ്ടായി. എത്രപേർ കൊല്ലപ്പെട്ടുവെന്ന് വ്യക്ത‌മല്ലെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. അതിനിടെ വ്യോമാക്രമണങ്ങളിൽ ഏഴ് ഇറാനിയൻ സൈനിക കമാൻഡർമാർ കൊല്ലപ്പെട്ടതായി ഇറാനിലെ ഒരു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സായുധ സേനയുടെ പരമോന്നത കമാൻഡറുടെ ഓഫിസ് മേധാവിയായ ബസിജ് മേജർ ജനറൽ ഷഹീദ് മുഹമ്മദ് ഷിറാസിയും കൊല്ലപ്പെട്ടവരിലുണ്ടെന്നാണ് വിവരം. 

ഇറാനിൽ നിന്ന് ഇസ്രായേലിന് നേരെ വിക്ഷേപിച്ച മിസൈലുകൾ തങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവയെ വെടിവെച്ചിടാൻ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇസ്രയേല്‍ സൈന്യം. കഴിഞ്ഞ കുറച്ച് മിനിറ്റുകൾക്കുള്ളിൽ, ബന്ധപ്പെട്ട പ്രദേശങ്ങളിലെ മൊബൈൽ ഫോണുകളിലേക്ക് ഹോം ഫ്രണ്ട് കമാൻഡ് മുൻകൂട്ടിയുള്ള നിർദ്ദേശങ്ങൾ നേരിട്ട് നൽകിയിട്ടുണ്ട്.  പൊതുജനങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണമെന്ന് അഭ്യർഥിക്കുന്നുവെന്നും സൈന്യം  പ്രസ്താവനയിൽ പറഞ്ഞു

ബഹ്റൈനില്‍ വീണ്ടും ആക്രമണം

ബഹ്റൈനിലെ  സൽമാൻ തുറമുഖത്തിന് സമീപമുള്ള തന്ത്രപ്രധാനമായ കേന്ദ്രത്തിനു നേരെ ഇറാൻ ആക്രമണം നടത്തി. ആക്രമണത്തെ തുടർന്ന് സ്‌ഥലത്ത് തീപിടുത്തമുണ്ടായതായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തു‌. തീ അണയ്ക്കുന്നതിനായി സിവിൽ ഡിഫൻസ് സംഘങ്ങളെ വിന്യസിച്ചു. ഇറാനിൽ നിന്നുള്ള റോക്കറ്റ് ജറുസലം നഗരത്തിലും പതിച്ചു. പടിഞ്ഞാറൻ ജറുസലമിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങുകയും സ്‌ഫോടനശബ്‌ദങ്ങൾ കേൾക്കുകയും ചെയ്തു‌. 

ENGLISH SUMMARY:

The Middle East conflict has escalated further as rockets launched from Lebanon struck northern Israel, marking the first major breach of the 2024 ceasefire. Haifa and the Upper Galilee faced intense shelling, with sirens blaring across the region. Simultaneously, a series of massive explosions rocked Tehran, targeting a police station and resulting in several casualties. Iranian state media confirmed the death of seven top military commanders, including Major General Mohammad Shirazi, in the ongoing US-Israeli air campaign. In a direct retaliation, Iran launched missiles at Jerusalem and targeted a strategic offshore facility near Bahrain's Salman Port. As of March 2, 2026, Israel remains on high alert as its Iron Dome and Arrow defense systems engage multiple long-range threats.