യു.എസ്– ഇസ്രയേല്‍ സംയുക്ത സേന നടത്തിയ 'ഓപ്പറേഷന്‍ എപിക് ഫ്യൂരി' യില്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാന്‍. ഡോണള്‍ഡ് ട്രംപും ബെന്യമിന്‍ നെതന്യാഹുവും നേരത്തെ ഖമനയി മരിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഈ വാര്‍ത്തകള്‍ തള്ളിയ ശേഷമാണ് ഇറാന്‍ മരണം സ്ഥിരീകരിക്കുന്നത്. ആക്രമണത്തില്‍ ഖമനയിയുടെ മകളും പേരക്കുട്ടിയും മരുമകനും കൊല്ലപ്പെട്ടു. ഇറാന്‍ പ്രതിരോധമന്ത്രി അമീര്‍ നാസിര്‍സാദെയും റവലൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍ മുഹമ്മദ് പക്പൗറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. 

ഇറാനിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏഴു ദിവസം പൊതുഅവധിയാണ്. എന്നാല്‍ മരണത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിട്ടില്ല. ഖമേനയി കൊലപ്പെട്ടത് പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാനെ നയിക്കാൻ നല്ല സ്ഥാനാർത്ഥികൾ ഉണ്ടെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു. ആരാണ് നയിക്കേണ്ടതെന്ന് തനിക്കറിയാമെന്നും എന്നാല്‍ പേര് പറയാനാകില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. 

ഖമനയിയുടെ മരണ വാര്‍ത്ത് സ്ഥിരീകരിച്ച റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി ടെഹ്റാനിലെ വസതിയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തതായും വ്യക്തമാക്കിയിരുന്നു.  ട്രൂത്ത് സോഷ്യലിലെ കുറിപ്പിലാണ് ട്രംപിന്‍റെ സ്ഥിരീകരണം വന്നത്. ഖമനയിയുടെ മൃതദേഹം കണ്ടെടുത്തെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 'ചരിത്രത്തിലെ ഏറ്റവും പൈശാചികനായ മനുഷ്യരില്‍ ഒരാള്‍, മരിച്ചു എന്നാണ് നേരത്തേ ട്രംപ് കുറിച്ചത്. ഇത് ഇറാനിലെ ജനങ്ങള്‍ക്ക് ലഭിച്ച നീതിയാണെന്നും ഇറാന് മാത്രമല്ല ഖമനയിയുടെയും ഇറാന്‍റെയും രക്തദാഹത്തിനിടെ ജീവന്‍ നഷ്ടമായ അമേരിക്കക്കാര്‍ക്കും മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്കുമുള്ള നീതി നടപ്പാക്കലാണെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം ഇറാനു നേരെ യു.എസ്– ഇസ്രയേല്‍ സംയുക്ത സേന ആക്രമണം ശക്തമാക്കി. ടെഹ്റാനില്‍ വീണ്ടും സ്ഫോടനങ്ങളുണ്ടായി. ബാലിസ്റ്റിക് മിസൈൽ, വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് സംയുക്ത സേന ലക്ഷ്യംവെയ്ക്കുന്നത്. ഇറാന്‍റെ തിരിച്ചടി ഗള്‍ഫിലാണ്. ഇറാന്‍ ആക്രമണത്തില്‍ ജബല്‍ അലിയില്‍ തീപിടിത്തമുണ്ടായി. ആക്രമണം പ്രതിരോധിക്കുന്നതിനിടെ ദുബായ് തുറമുഖത്ത് തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു. ദുബായി വിമാനത്താവളത്തിനു നേരെയും ആക്രമണമുണ്ടായി. ഒരു ടെര്‍മിനലിന് നേരിയ കേടുപാടുകള്‍ പറ്റി. നാലുപേര്‍ക്ക് പരുക്കേറ്റു. കുവൈത്ത്, ബഹ്റൈന്‍ വിമാനത്താവളവും ആക്രമിച്ചു. 

ENGLISH SUMMARY:

Iran has confirmed the death of its Supreme Leader, Ayatollah Ali Khamenei, following a joint US-Israeli operation. The confirmation comes after initial reports and denials, with significant details about the attack and casualties emerging.