This handout photo released by Iran's Revolutionary Guards Corps (IRGC)'s official website Sepanews on February 16, 2026, shows a vehicle firing a missile during a military exercise by members of the IRGC and navy in the Gulf.

യു.എസുമായുള്ള ആണവ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ സൈനികാഭ്യാസം നടത്തി ഇറാന്‍. ഗള്‍ഫ് മേഖലയിലെ എണ്ണ വിതരണത്തിന്‍റെ പ്രധാന റൂട്ടായ ഹോര്‍മൂസ് കടലിടുക്ക് അടച്ചിട്ടാണ് സൈനികാഭ്യാസം. ഇറാനില്‍ നിന്നും തൊടുത്ത മിസൈലുകള്‍ കടലിലെ ലക്ഷ്യങ്ങളില്‍ പതിച്ചതായാണ് വിവരം. 

സൗദി, ഇറാന്‍, ഇറാഖ്, യുഎഇ എന്നിവരെ ഗള്‍ഫ് ഓഫ് ഒമാനും അറബികടലുമായി ബന്ധിപ്പിക്കുന്ന  ഓയില്‍ വിതരണത്തിന്‍റെ പ്രധാന റൂട്ടാണ് ഹോര്‍മൂസ് കടലിടുക്ക്. സൈനികാഭ്യാസത്തിന് മുന്നോടിയായി ചൊവ്വാഴ്ച ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി അടയ്ക്കും എന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കപ്പലുകളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അർധ-ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യു.എസ് സൈനിക നടപടിയുടെ ഭീഷണി വന്നതിന് ശേഷം ആദ്യമായാണ് ഇറാന്‍ ഹോര്‍മൂസ് ഭാഗികമായി അടയ്ക്കുന്നത്. 

ഹോർമുസ് കടലിടുക്കിലേക്ക് ഇറാൻ മിസൈലുകൾ വിക്ഷേപിച്ചിട്ടുണ്ട്. ഈ മിസൈലുകള്‍ ഹോര്‍മുസിലെ ലക്ഷ്യങ്ങളില്‍ പതിച്ചതായി സര്‍ക്കാറുമായി ബന്ധമുള്ള വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐആർജിസി കമാൻഡർ-ഇൻ-ചീഫ് മുഹമ്മദ് പക്പൂറിന്റെ മേൽനോട്ടത്തിൽ ഐആർജിസി നാവിക സേനയാണ് സൈനിക അഭ്യാസങ്ങൾക്ക് നേതൃത്വം നൽകിയത്. ഇറാനും യുഎസും തമ്മിലുള്ള രണ്ടാം ഘട്ട ആണവ ചര്‍ച്ചകള്‍ ജനീവയില്‍ പുരോഗമിക്കുന്നിനിടെയാണ് സൈനിക അഭ്യാസങ്ങള്‍. ഒമാനില്‍ നടന്ന ആദ്യഘട്ട ചര്‍ച്ചയുടെ തുടര്‍ച്ചയാണ് ജനീവയില്‍ നടക്കുന്നത്. ഇറാന്‍ യു.എസുമായി കരാറിലെത്താന്‍ താല്‍പര്യപ്പെടുന്നുണ്ട് എന്നാണ് ചര്‍ച്ചയ്ക്ക് മുന്‍പായി ട്രംപ് പറഞ്ഞത്.

അതേസമയം, ഇറാനുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെ രണ്ട് യു.എസ് വിമാനവാഹിനി കപ്പലുകളാണ് യു.എസ് പശ്ചിമേഷ്യയിലേക്ക് അയച്ചിരിക്കുന്നത്. സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ പ്രകാരം പശ്ചിമേഷ്യയിലെത്തിയ യുഎസ്എസ് എബ്രഹാം ലിങ്കന്‍ ഇറാന് സമീപത്തായുണ്ട്. ലോകത്തിലെ ഏറ്റവും വലിയ യുദ്ധകപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് ആഴ്ചകള്‍ക്കുള്ളില്‍ പശ്ചിമേഷ്യയിലെത്തും. യു.എസിന്‍റെ സൈനിക് വിന്യാസത്തിന് തിരിച്ചടിയായി ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ സൈനിക അഭ്യാസം നടത്തുകയാണ്.

ENGLISH SUMMARY:

Iran military drills in the Strait of Hormuz are underway amidst ongoing nuclear talks with the US. This military exercise involves closing the vital oil supply route of the Hormuz Strait, with reports of successful missile launches impacting targets at sea.