യുഎഇയിലെ സ്‌കൂൾ കന്‍റീനുകളിൽ ജങ്ക് ഫുഡുകൾക്കും പഞ്ചസാരയടങ്ങിയ പാനീയങ്ങൾക്കും കർശന നിരോധനം ഏര്‍പ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം. സ്കൂളുകളിലെ ഉച്ചഭക്ഷണങ്ങളിൽ 44 ശതമാനവും അനാരോഗ്യകരമായ വസ്തുക്കളാണെന്ന കണ്ടെത്തലിനെ തുടർന്നാണ് അധികൃതർ നടപടികൾ കടുപ്പിച്ചത് .
പുതിയ നിയമപ്രകാരം സോഫ്റ്റ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ, കൃത്രിമ മധുരം ചേർത്ത ജ്യൂസുകൾ എന്നിവയ്ക്ക് പൂർണ വിലക്കുണ്ടാകും. കന്‍റീനുകളിൽ മാത്രമല്ല, കുട്ടികളുടെ ടിഫിൻ ബോക്സുകളിൽ പോലും നഗ്ഗറ്റ്സ്, ബർഗർ, ചിപ്‌സ്, ഇൻസ്റ്റന്‍റ് ന്യൂഡിൽസ് തുടങ്ങിയവ ഉൾപ്പെടുത്താൻ പാടില്ലെന്ന് അധികൃതർ നൽകുന്ന നിർദേശം.
അലർജി സാധ്യത കണക്കിലെടുത്ത് നിലക്കടലയും കശുവണ്ടിപ്പരിപ്പും അവ ഉപയോഗിച്ചുണ്ടാക്കുന്ന ഉൽപ്പന്നങ്ങളും ഒഴിവാക്കണമെന്നും നിയമം വ്യക്തമാക്കുന്നു. പകരം പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പ് കുറഞ്ഞ പാൽ ഉൽപ്പന്നങ്ങൾ, പ്രകൃതിദത്ത ജ്യൂസുകൾ എന്നിവ കുട്ടികൾക്കിടയിൽ പ്രോത്സാഹിപ്പിക്കാനാണ് മന്ത്രാലയത്തിന്‍റെ തീരുമാനം.
നിയമം ലംഘിക്കുന്ന സ്കൂളുകൾക്കും കാന്റീൻ നടത്തിപ്പുകാർക്കുമെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കും. കുട്ടികളിലെ അമിതവണ്ണവും പ്രമേഹവും തടയാൻ രക്ഷിതാക്കൾ വീട്ടിൽ തയ്യാറാക്കിയ സമീകൃതാഹാരം മാത്രം കൊടുത്തുവിടണമെന്നും മന്ത്രാലയം പ്രത്യേക അറിയിപ്പിൽ ആവശ്യപ്പെട്ടു.