uss-abraham-lincoln

TOPICS COVERED

യുഎസ്എസ് ഏബ്രഹാം ലിങ്കണ്‍ അടങ്ങുന്ന യു.എസ് കപ്പല്‍പട ഇറാനെ ലക്ഷ്യമാക്കി നീങ്ങുകയാണെന്നാണ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ മുന്‍കാലത്തേക്കാള്‍ ഭീകരമായ ആക്രമണമായിരിക്കും എന്നുമാണ് മുന്നറിയിപ്പ്. ട്രംപിന്‍റെ ഭീഷണികള്‍ക്ക് മുന്‍പ്, യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എത്തിയാല്‍ കടലില്‍ മുക്കും എന്നതരത്തിലായിരുന്നു ഭീഷണികള്‍. കപ്പല്‍പടയുടെ വിന്യാസം ഇറാന്‍റെ പരിധിയിലേക്ക് യു.എസ് പ്രഹരശേഷിയെ എത്തിക്കുന്നുണ്ട്. മിസൈലുകളും ഡ്രോണും അടങ്ങുന്ന ഇറാന്‍റെ ആയുധ ശേഖരത്തിന് യു.എസ് സൈന്യത്തിന്റെ പ്രതിരോധമുഖത്തെ നേരിടാന്‍ സാധിക്കുമോ എന്നതാണ് ചോദ്യം.

സ്റ്റോക്ഹാം ഇന്‍റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കണക്കുപ്രകാരം ലോകത്തിലെ മറ്റേത് രാജ്യത്തേക്കാളും വലിയ സൈനിക ചെലവുള്ള രാജ്യമാണ് യു.എസ്. 2024 ലെ കണക്കുപ്രകാരം ലോക സൈനിക ചെലവിന്‍റെ 35.50 ശതമാനം യു.എസിന്റേതാണ്. ഉപരോധവും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം ഇറാന്‍റെ സൈനിക ചെലവ് വളരെ കുറവാണ്. 2024 ല്‍ 7.9 ബില്യണ്‍ ഡോളറാണ് ഇറാന്‍റെ സൈനിക ചെലവായി എസ്ഐപിആര്‍ഐ പ്രതീക്ഷിക്കുന്നത്. ചെലവിലെ ഈ വ്യത്യാസം തന്നെ സൈന്യത്തിന്റെ ആധുനികവല്‍ക്കരണത്തിലും സാങ്കേതിക വിദ്യയിലും പരിശീലനത്തിലും ലോജിസ്റ്റിക്സിലുമുള്ള യു.എസിന്‍റെ മേല്‍കൈ എടുത്തുകാട്ടുന്നു. 

'മിഡ്നൈറ്റ് ഹാമറിനേക്കാള്‍ ഭീകരം'; ചര്‍ച്ചയ്ക്കില്ലെങ്കില്‍ ആക്രമിക്കുമെന്ന് ട്രംപ്; നേരിടാന്‍ ഇറാന്

6.10 ലക്ഷം സജീവ സൈനികരാണ് ഇറാന്‍റെ ശേഷി. 3.50 ലക്ഷം റിസര്‍വ് സൈനികര്‍ ആവശ്യമുള്ള ഘട്ടത്തില്‍ സജ്ജരാക്കിയിട്ടുമുണ്ട്. ഇറാന്റെ  വ്യോമസേന പരിമിതമാണ്. എന്നാല്‍ മിസൈല്‍ സാങ്കേതിക വിദ്യയില്‍ ഇറാന്‍ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ഹ്രസ്വദൂര, മധ്യദൂര ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ ഇറാന്‍റെ ആയുധപുരയിലുണ്ട്. മാക് 5 നേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഫത്താഫ്-2 ഇറാന്റെ പക്കലുണ്ട്. 

പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കാൻ സാധിക്കുന്ന ഡ്രോണുകളുടെ ശേഖരം ഇറാനിണ്ട്. വിമാനവാഹിനിക്കപ്പലുകൾ പോലുള്ളവയെ ലക്ഷ്യംവെയ്ക്കാന്‍ കുറഞ്ഞ ചെലവില്‍ നിര്‍മിച്ച ഡ്രോണുകള്‍ക്ക് സാധിക്കും എന്നാണ് വിലയിരുത്തല്‍. ഇറാന്‍റെ മിസൈലുകള്‍ കപ്പലുകളെ ലക്ഷ്യം വെയ്ക്കാന്‍ രൂപപ്പെടുത്തിയിട്ടുള്ളതാണ്. കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്ന സഖ്യകക്ഷികളായ സായുധ സംഘങ്ങൾക്ക് ഇറാൻ മിസൈലുകളും ഡ്രോണുകളും നൽകുന്നുണ്ട്. 

ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിമാനവാഹിനിക്കപ്പലാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ. വിമാനങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ എന്നിവയെ നേരിടാന്‍ ഈജിസ് റഡാറും സ്റ്റാൻഡേർഡ് മിസൈലുകളും കപ്പലിലുണ്ട്. ഭീഷണികളെ തടയാനുള്ള ഇലക്ട്രോണിക് വാര്‍ഫെയര്‍ സിസ്റ്റം, കപ്പലിന് അടുത്തെത്തുന്നതിന് മുന്‍പ് ഭീഷണികളെ തകര്‍ക്കാനുള്ള വ്യോമസേന എന്നിവയും യുഎസ്എസ് എബ്രഹാം ലിങ്കണിലുണ്ട്. 

ENGLISH SUMMARY:

As tensions escalate between the United States and Iran, former President Donald Trump has warned of unprecedented military action if Tehran refuses talks. With the USS Abraham Lincoln-led carrier strike group moving closer to Iranian waters, questions arise over whether Iran’s missile and drone capabilities can counter the overwhelming technological, logistical, and defensive superiority of the US military. A closer look at the balance of power, defence systems, and strategic risks shaping a potential confrontation.