Image Credit: x/Norbert Röttgen
ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇതാദ്യമായി രാജ്യത്താകെ അലയടിക്കുന്ന ഭരണ വിരുദ്ധ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ കടുത്ത നടപടികളുമായി ഇറാന്‍ ഭരണകൂടം. ഖമനയി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് ആരോപിച്ച് ഇര്‍ഫാന്‍ സുല്‍ത്താനി(26)യെന്ന യുവാവിനെയാണ് ഇറാന്‍ തൂക്കിക്കൊല്ലാന്‍ ഒരുങ്ങുന്നത്. നാളെ ടെഹ്റാന് സമീപത്തുള്ള കറാജില്‍ വച്ചാകും പരസ്യമായി ഇര്‍ഫാനെ തൂക്കിക്കൊല്ലുകയെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 14ന് ഇര്‍ഫാനെ തൂക്കിലേറ്റുമെന്ന് വ്യക്തമാക്കി കുടുംബാംഗങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചതായി നോര്‍വേ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന മനുഷ്യാവകാശ സംഘടനയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഡിസംബര്‍ അവസാന വാരം ആരംഭിച്ച പ്രക്ഷോഭങ്ങളില്‍ ഇന്നുവരെ 648 പേര്‍ കൊല്ലപ്പെട്ടുവെന്നും ഇവരില്‍ ഒന്‍പത് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും ഐഎച്ച്ആറിന്‍റെ അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. യഥാര്‍ഥ മരണസംഖ്യ ഇതിലും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ രാജ്യത്ത് ഇന്‍റര്‍നെറ്റ് നിരോധനം പെഷെസ്കിയന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. ഇതോടെ വിവരങ്ങളുടെ കണക്കുകളും വസ്തുതകളും അറിയുന്നതില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. പതിനായിരത്തോളം പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കടുത്ത മനുഷ്യാവകാശ ധ്വംസനമാണ് ഇറാനില്‍ നടക്കുന്നതെന്നും ഐഎച്ച്ആര്‍ ഡയറക്ടര്‍ മഹ്മൂദ് അമിറി മുഗദം പറഞ്ഞു. 1980ലേതിന് സമാനമായ അക്രമങ്ങളെയാണ് ഇത് ഓര്‍മിപ്പിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം ഇറാന്‍ ഭരണകൂടം നടത്തുന്ന കൂട്ടക്കൊലയ്ക്കും അക്രമങ്ങള്‍ക്കുമെതിരെ രാജ്യാന്തര സമൂഹം പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു. സുല്‍ത്താനിയുടെ വധശിക്ഷ നടപ്പിലാക്കാന്‍ അനുവദിക്കരുതെന്നും രാജ്യാന്തര സമൂഹം സമ്മര്‍ദം ചെലുത്തേണ്ടതുണ്ടെന്നുമായിരുന്നു എന്‍യുഎഫ്ഡിയെന്ന മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു. ഇറാന്‍റെ സ്വാതന്ത്ര്യത്തിനായി മുദ്രാവാക്യമുയര്‍ത്തിയെന്ന കുറ്റം മാത്രമേ സുല്‍ത്താനി ചെയ്തിട്ടുള്ളൂവെന്നും സംഘടന സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
ഖമനയിക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയെന്നതാണ് ഇര്‍ഫാന്‍ സുല്‍ത്താനിക്കെതിരെ ചാര്‍ത്തപ്പെട്ട കുറ്റമെന്ന് ദ് യുഎസ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഭിഭാഷകനുമായി ബന്ധപ്പെടാന്‍ പോലും ഭരണകൂടം അനുവദിച്ചില്ലെന്നും പ്രതിഷേധങ്ങളെ ഏതുവിധേനെയും അടിച്ചമര്‍ത്താനുള്ള തീരുമാനത്തിന്‍റെ ഭാഗമാണിതെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു.
അമേരിക്കന്‍ സ്പോണ്‍സേര്‍ഡ് കലാപമാണ് രാജ്യത്ത് നടക്കുന്നതെന്നും ട്രംപിനെ സന്തോഷിപ്പിക്കാന്‍ രാജ്യവിരുദ്ധരായ ചിലര്‍ സ്വന്തം തെരുവുകള്‍ കത്തിച്ചാമ്പലാക്കുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്യുന്നുവെന്നായിരുന്നു പ്രക്ഷോങ്ങളോട് ഇറാന്‍റെ പരമോന്നത നേതാവായ ആയത്തുല്ല ഖമനയിയുടെ പ്രതികരണം. പ്രതിഷേധത്തെ സര്‍ക്കാര്‍ പരാജയപ്പെടുത്തിയെന്നും 86കാരനായ ഖമനയി അവകാശപ്പെട്ടിരുന്നു. 1989 മുതല്‍ ഇറാന്‍റെ പരമോന്നത നേതാവാണ് ഖമനയി. സാമ്പത്തിക യുദ്ധം, മാനസിക യുദ്ധം, ഇസ്രയേലിനോടും യുഎസിനോടുമുള്ള സൈനിക യുദ്ധം, സ്വന്തം രാജ്യത്തിനെതിരെ തിരിഞ്ഞ ഭീകരവാദികളോടുള്ള യുദ്ധം എന്നീ നാലു യുദ്ധമുഖത്താണ് ഇറാനെന്നായിരുന്നു പാര്‍ലമെന്‍റ് സ്പീക്കറായ മുഹമ്മദ് ബാഗെര്‍ ഘലിബാഫിന്‍റെ പ്രതികരണം. പ്രതിഷേധക്കാരെയാണ് സ്പീക്കര്‍ തീവ്രവാദികളെന്നും ഭീകരരെന്നും വിശേഷിപ്പിച്ചത്. ഇറാനെ തൊട്ടുകളിച്ചാല്‍ ട്രംപിനെ മറക്കാനാവാത്ത പാഠം ഇറാന്‍ സൈന്യം പഠിപ്പിക്കുന്ന ദിവസങ്ങള്‍ വിദൂരത്തിലല്ലെന്നും അദ്ദേഹം മുന്നറിപ്പ് നല്‍കി.
അതേസമയം, ഇറാന്‍ ആക്രമിക്കുമെന്ന തന്‍റെ ഭീഷണിയില്‍ ഖമനയി വിറച്ചുവെന്നും സന്ധി സംഭാഷണത്തിന് വാഷിങ്ടണുമായി ബന്ധപ്പെട്ടുവെന്നും ട്രംപ് അവകാശപ്പെട്ടു. 646 പ്രതിഷേധക്കാരെ ഇറാന്‍ ഭരണകൂടം കൊലപ്പെടുത്തിയെന്നാണ് ട്രംപ് ആരോപിക്കുന്നത്.