TOPICS COVERED

 ആയത്തുല്ല അലി ഖമനയിക്കെതിരെ ഇറാനില്‍ ഉയര്‍ന്നുവന്ന പ്രക്ഷോഭം രൂക്ഷമായ സംഘര്‍‍ഷത്തിലേക്ക് വഴിമാറി. നാടുകടത്തപ്പെട്ട രാജകുമാരന്‍ റിസ പഹ്‌ലവി ആഹ്വാനം ചെയ്ത പ്രക്ഷോഭത്തില്‍ പതിനായിരങ്ങളാണ് പങ്കാളികളാകുന്നത്. ഭരണകൂടത്തിന് പ്രക്ഷോഭകരെ നിയന്ത്രിക്കാനാവാതെ വന്നതോടെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം നിഷേധിക്കപ്പെട്ടു. തമ്മില്‍ ബന്ധപ്പെടാതിരിക്കാന്‍ ഇന്റര്‍നെറ്റും ടെലഫോണ്‍ സേവനങ്ങളും ഭരണകൂടം നിരോധിച്ചു.

ഇതിനിടെയിലാണ് മുഖത്താകെ ചോരയൊലിപ്പിച്ച ഒരു സ്ത്രീയുടെ വിഡിയോ പ്രചരിക്കുന്നത്. ‘എനിക്ക് ഭയമില്ല, ഞാൻ മരിച്ചിട്ട് 47 വർഷമായി ’ എന്നു പറഞ്ഞാണ് സ്ത്രീ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നത്. ഇറാനിയൻ ആക്ടിവിസ്റ്റും പത്രപ്രവർത്തകയുമായ മസിഹ് അലിനെജാദാണ് ഈ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. 1979-ൽ സ്ഥാപിതമായ ഇസ്ലാമിക് റിപ്പബ്ലിക്കിന് കീഴിൽ ജീവിക്കുന്ന ഒരു ജനതയുടെ തളർച്ചയാണ് ഇത് കാണിക്കുന്നതെന്ന് അവർ പറഞ്ഞു. ഇസ്ലാമിക് റിപ്പബ്ലിക് ഞങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുകയും ഒരു രാജ്യത്തെ ബന്ദികളാക്കി മാറ്റുകയും ചെയ്തു. ഇന്ന് ജനങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. അവർ ഉണർന്നെഴുന്നേൽക്കുന്നു. ഇറാൻ ഉണരുകയാണ് എന്നാണ് മസിഹ് കുറിച്ചത്.

നിർബന്ധിത ഹിജാബ് നിയമങ്ങളെയും സർക്കാർ അടിച്ചമർത്തലിനെയും വെല്ലുവിളിക്കുന്ന മാധ്യമപ്രവര്‍ത്തകയാണ് മസിഹ്. സ്ത്രീയുടെ വായിലൂടെ ചോരയൊലിക്കുന്നതായി തോന്നുമെങ്കിലും കയ്യിലൊരു കുപ്പിയില്‍ ചുവന്ന ദ്രാവകം പിടിച്ചിരിക്കുന്നതും കാണാം. വീടുകളില്‍ നിന്നും ആളുകള്‍ റോഡിലേക്കിറങ്ങി മുദ്രാവാക്യം വിളിക്കുകയും തെരുവുകളില്‍ ഒത്തുകൂടുകയും ചെയ്യുന്ന കാഴ്ചയാണ് എങ്ങുമുള്ളത്.

ഇറാനിലെ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമടക്കം പ്രതിഷേധങ്ങൾ തുടരുകയാണ്. പ്രകടനക്കാർക്ക് പിന്തുണയുമായി കൂടുതൽ ചന്തകളും വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടു. യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസിയുടെ കണക്കനുസരിച്ച്, പ്രക്ഷോഭവുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ കുറഞ്ഞത് 41 പേർ കൊല്ലപ്പെടുകയും 2,270-ൽ അധികം ആളുകള്‍ തടവിലാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

 
ENGLISH SUMMARY:

Iran Protests intensify due to suppression. The recent protests against Ayatollah Ali Khamenei in Iran have escalated dramatically, with widespread demonstrations and government crackdowns, leading to internet shutdowns and reported casualties.