TOPICS COVERED

ഖത്തറില്‍ ആക്രമണം നടത്തിയ ഇസ്രയേലിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ദോഹയില്‍ ഇസ്‍ലാമിക–അറബ് വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന്. നാളെ നടക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായാണ് യോഗം. ഇസ്രയേലിന് വാണിജ്യ,വ്യാപാര തലത്തില്‍ തിരിച്ചടി നല്‍കുന്നതിനാണ് ആദ്യ പരിഗണന. അതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ഇന്ന് ഇസ്രയേലിലെത്തും. 

ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫിസ് ഖത്തറിലാണെങ്കിലും ഖത്തര്‍ മണ്ണില്‍ നിന്ന് ഇസ്രയേലിലേക്ക് നേരിട്ട്  ആക്രമണമുണ്ടായിട്ടില്ല. എന്നിട്ടും രാജ്യത്തിന്റെ പരമാധികാരത്തെ നോക്കുകുത്തിയാക്കി ഇസ്രയേല്‍ ഖത്തര്‍ മണ്ണില്‍ ആക്രമണം നടത്തി. ഇതാണ് ഗള്‍ഫ് രാജ്യങ്ങളുടെ പൊതുവികാരം. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷനിലേയും അറബ് ലീഗിലേയും രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ ആക്രമണത്തെക്കുറിച്ചുള്ള കരട് പ്രമേയം അവതരിപ്പിക്കും. നാളെ വിവിധരാജ്യങ്ങളുടെ ഭരണാധികാരികള്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ പ്രമേയം ചര്‍ച്ചയാകും. ഇസ്രയേലിന് ഒരുമിച്ച് നയതന്ത്ര, വാണിജ്യ, വ്യാപാര തലത്തില്‍ തിരിച്ചടി നല്‍കാനാണ് നീക്കം. യുഎഇ, ബഹ്റൈന്‍ തുടങ്ങി ഇസ്രയേലുമായി നയതന്ത്രബന്ധമുള്ള രാജ്യങ്ങള്‍ വാണിജ്യ,വ്യാപാരമേഖലയില്‍ നിയന്ത്രണങ്ങള്‍ വരുത്തിയേക്കുമെന്നാണ് സൂചന. ഉടന്‍ നടക്കാനിരിക്കുന്ന എക്സിബിഷനുകളില്‍ പങ്കെടുക്കുന്നതിന് ഇസ്രയേല്‍ കമ്പനികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. ഒഐസിക്ക് പുറത്തുള്ള രാജ്യാന്തര വേദികളില്‍ ഖത്തറിലെ ആക്രമണം ഉന്നയിക്കാനും പദ്ധതി തയാറാക്കും. അതിനിടെ, യോഗങ്ങളുടെ ഭാഗമായി ഖത്തറിലെ എല്ലാ സമുദ്രഗതാഗതങ്ങളും രണ്ടുദിവസത്തേക്ക് നിരോധിച്ചു. ഖത്തറില്‍ എല്ലായിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

ENGLISH SUMMARY:

Qatar Israel conflict is escalating tensions as Islamic and Arab foreign ministers convene in Doha to discuss the Israeli attack on Qatar. The meeting precedes a summit aimed at addressing the situation and considering economic sanctions against Israel.