ഗൾഫ് മേഖലയെയാകെ ഞെട്ടിച്ചിരിക്കുകയാണ് ദോഹയിലുണ്ടായ ഇസ്രയേൽ ആക്രമണം. വെടിനിർത്തൽ ചർച്ചയ്ക്കെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് പ്രാഥമിക വിവരം. യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്‍റെ പുതിയ വെടിനിർത്തൽ നിർദ്ദേശം ചർച്ച ചെയ്യാൻ ദോഹയിൽ യോഗം ചേർന്ന സംഘത്തെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണമെന്ന് ഹമാസിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഹമാസ് നേതാക്കള്‍ ദോഹയിലാണ് തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നതെന്നും അവരെ ലക്ഷ്യമിട്ടായിരുന്നു ഓപ്പറേഷനെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കി. ഖത്തറിലെ സംഭവത്തെക്കുറിച്ച് വിവരിക്കുകയാണ് ഖത്തറില്‍ നഴ്സ് ആയി ജോലി ചെയ്യുന്ന ഹോബിന്‍.
ഹോബിന്‍റെ വാക്കുകള്‍
ഇവിടെയെല്ലാം സാഹചര്യങ്ങള്‍ ശാന്തമാണ്, പേടിക്കേണ്ട യാതൊരു സാഹചര്യവും ഇവിടെയില്ല. രണ്ടും മൂന്ന് പ്രാവശ്യം ശബ്ദം കേട്ടു. ഖത്തറില്‍ ലുസൈൽ എന്ന് പറഞ്ഞ ഏരിയയിലാണ് സംഭവം. ഞങ്ങളുടെ ഹോസ്പിറ്റലിൽ നിന്ന് പത്ത് കിലോമീറ്റർ അപ്പുറമാണ് സ്ഫോടനം. അതുകൊണ്ട് മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. കാഷ്വാലിറ്റിയൊന്നുമില്ല. പേടിക്കേണ്ട പ്രശ്നം ഒന്നുമില്ല. എല്ലാം ശാന്തമാണ്. എല്ലാവരും സേഫ് ആണ്. വാര്‍ത്തകള്‍ കാണുമ്പോള്‍ ആരും വല്ലാതെ പേടിക്കരുത്. ഇവിടെ സുരക്ഷയെല്ലാം വളരെ സ്ട്രോങ്ങാണ്. അങ്ങനെ പ്രശ്നങ്ങൾ ഒന്നുമില്ല. ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ മുന്നറിയിപ്പുകൾ സർക്കാരിന്റെ ഭാഗത്തുനിന്നോ ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അങ്ങനത്തെ ഒരു സിറ്റുവേഷനിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല.
രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നമാണ്. പെട്ടെന്ന് തന്നെ ഗവൺമെൻറ് തലത്തിൽ അതിനെ ഹാൻഡിൽ ചെയ്യും. അതാണ് ഖത്തറിന്റെ ഒരു രീതി. രാജ്യങ്ങളുമായിട്ട് നല്ല ബന്ധം പുലർത്തുന്ന ഒരു രാജ്യമാണ്. മലയാളി ആയാലും ബാക്കിയുള്ള നമ്മുടെ കമ്മ്യൂണിറ്റി ആയാലും എല്ലാവരും സേഫ് ആണ്.