ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിക്കെതിരായ ഭീഷണികളെ അപലപിച്ച് ഇസ്രയേലിനും യുഎസിനും എതിരെ ഫത്‍വ പുറപ്പെടുവിച്ച് ഷിയാ പുരോഹിതന്‍ ആയത്തൊള്ള നാസര്‍ മകാരെം ഷിറാസി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമിനെതിരെയാണ് ഫത്വ. ട്രംപും നെതന്യാഹുവും ശത്രുക്കളാണെന്നാണ് ഫത്‍വയില്‍ പറയുന്നു.
ഇരുവരെയും ദൈവത്തിന്‍റെ ശത്രുക്കള്‍ എന്നാണ് ഫത്‍വയില്‍ വിശേഷിപ്പിച്ചത്. നേതാവിനെ ഭീഷണിപ്പെടുത്തുന്ന ഏതൊരു വ്യക്തിയും ഭരണകൂടവും ദൈവത്തിന്‍റെ ശത്രുവായി കണക്കാക്കപ്പെടും. ശത്രുക്കളെ പിന്തുണയ്ക്കുന്നത് ഹറാമാണെന്ന് മുസ്‍ലിങ്ങളെയും ഇസ്‍ലാമിക രാഷ്ട്രങ്ങളെയും ഫത്‍വയില്‍ ഓർമ്മിപ്പിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള എല്ലാ മുസ്‌ലിംകളും ശത്രുക്കളെ അവരുടെ വാക്കുകളിലും തെറ്റുകളിലും അപലപിക്കേണ്ടതെന്നും ഫത്വ പറയുന്നു.
അവരെ പ്രതിരോധിക്കുകയും അത്തരം ഭീഷണികൾ നടത്തുന്നവരെ നേരിടുകയും ചെയ്യേണ്ടതുണ്ട്. ഇറാന്‍റെ നേതൃത്വത്തിന് നേരെ ഭീഷണിയുയര്‍ത്തിയ ഇവരെ അധികാരഭ്രഷ്ടരാക്കാന്‍ ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങള്‍ ഒത്തുചേരണമെന്നും ഫത്‍വ ആഹ്വാനം ചെയ്യുന്നു. 12 ദിവസം നീണ്ട ഇസ്രയേല്‍– ഇറാന്‍ സംഘര്‍ഷത്തില്‍ പല തവണ ഇസ്രയേല്‍ ഖമനയിയെ വധിക്കുമെന്ന് ഭീഷണപ്പെടുത്തിയിരുന്നു. ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്സ് പരസ്യമായി ഖമനയിയെ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇസ്രയേല്‍ ആക്രമണം ആരംഭിച്ച ശേഷം 86 കാരനായ ഖമനയി ഒളിവിലാണെന്നാണ് വിവരം. 12 ദിവസം നീണ്ട സംഘര്‍ഷത്തിന് ശേഷം വെടിനിര്‍ത്തലിന് പിന്നാലെയാണ് ഖമനയി ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തത്. റെക്കോര്‍ഡ് ചെയ്ത വിഡിയോയില്‍ ഇറാൻ പതാകയും തന്‍റെ മുൻഗാമിയും ഇസ്‍ലാമിക് റിപ്പബ്ലിക് സ്ഥാപകനുമായ അയത്തുള്ള റുഹോല്ല ഖൊമേനിയുടെ ഛായാചിത്രവും ഖമനയിക്ക് പിന്നിലുണ്ടായിരുന്നു.