President Donald Trump throws pens used to sign executive orders to the crowd during an indoor Presidential Inauguration parade event in Washington, Monday, Jan. 20, 2025. AP/PTI(AP01_21_2025_000048B)

President Donald Trump throws pens used to sign executive orders to the crowd during an indoor Presidential Inauguration parade event in Washington, Monday, Jan. 20, 2025. AP/PTI(AP01_21_2025_000048B)

ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.  ഇസ്രയേല്‍  ലക്ഷ്യം നേടിയെന്നും ട്രംപിന്റെ നിര്‍ദേശം അംഗീകരിക്കുന്നെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ ഇറാന്‍ അംഗീകരിച്ചെന്ന് പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്റെ  പ്രഖ്യാപനത്തിനുശേഷമുണ്ടായ ആക്രമണങ്ങളില്‍ ഇറാനില്‍ ഒന്‍പതുപേരും ഇസ്രയേലില്‍ നാലുേപരും കൊല്ലപ്പെട്ടു

അമേരിക്കന്‍ ആക്രമണത്തിന്  ഇറാന്‍ ദോഹയില്‍ തിരിച്ചടിച്ചത് ലോകത്തെ ആശങ്കയിലാക്കിയതിന് പിന്നാലെയാണ്  ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം.  24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.  പിന്നാലെ വെടിനിര്‍ത്തല്‍ ധാരണ ആയിട്ടില്ലെന്ന് വ്യക്തമാക്കി ഇറാന്‍ വിദേശകാര്യമന്ത്രി രംഗത്തെത്തി. ഇസ്രയേലാണ് ആക്രമണം തുടങ്ങിയതെന്നും ഇസ്രയേലാണ് ആദ്യം അവസാനിപ്പിക്കേണ്ടതെന്നുമായിരുന്നു അബ്ബാസ് അറഗ്‌ചിയുടെ നിലപാട്.  ഇതോടെ ട്രംപിന്റെ പ്രഖ്യാപനത്തില്‍ അവ്യക്തത ശക്തമായി. ആറുമണിക്കൂറിനുശേഷം   പ്രസ് ടിവി ഇറാന്‍ വെടിനിര്‍ത്തല്‍ അംഗീകിരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തു.

പിന്നാലെ ഇസ്രയേല്‍ ലക്ഷ്യം നേടിയെന്നും വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നെന്നും   പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വ്യക്തമാക്കി. ആണവഭീഷണി അവസാനിപ്പിക്കാന്‍ ഒപ്പംനിന്ന ട്രംപിന് നന്ദിയെന്നും  നെതന്യാഹു പറഞ്ഞു. ട്രംപിന്റെ ആദ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനുശേഷം ഇറാനും ഇസ്രയേലും ആക്രമണം കടുപ്പിച്ചതും ആശയക്കുഴപ്പം ശക്തമാക്കി.  ഇസ്രയേലിനുനേരെ  നാലുഘട്ടമായി ഇറാന്‍ മിസൈലുകള്‍ പായിച്ചു. ഇതില്‍ ബെര്‍ഷെബയില്‍ മിസൈല്‍ പതിച്ച് നാലുപേര്‍ മരിച്ചു. ഒരു ഡസനോളം പേര്‍ക്ക് പരുക്കേറ്റു.  വ്യാപകനാശമുണ്ടായി. ഇസ്രയേല്‍ ഇറാനിലേക്ക് നടത്തിയ ആക്രമണത്തില്‍ ഗിലാനില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. ആണവശാസ്ത്രജ്ഞനായ മുഹമ്മദ് റാസ സിദ്ദിഖിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി ഇറാന്‍ മാധ്യമങ്ങള്‍ അറിയിച്ചു. 

അതേസമയം, ഇറാന്‍റെ ദോഹയിലെ ആക്രമണത്തിന് പിന്നാലെ ജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി യുഎഇ . ജനങ്ങൾ ജാഗരൂകരായിരിക്കാനും സംശയാസ്പദമായ സാഹചര്യങ്ങൾ അധികൃതരെ അറിയിക്കാനും നിർദേശമുണ്ട്. സുരക്ഷാ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സർക്കാർ സംവിധാനമായ അൽ അമീൻ ആണ് ഈ മുന്നറിയിപ്പ് പുറത്തിറക്കിയത്. ഗൾഫ് രാജ്യങ്ങളിലും മധ്യപൂർവ ദേശത്തും നിലവിലെ സ്ഥിതിഗതികൾ സങ്കീർണ്ണമാണെന്നും മുന്നറിയിപ്പിൽ പറയുന്നു. വിമാന സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് എയർ അറേബ്യ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ വിമാനങ്ങൾ പുറപ്പെടുന്നതിന് മുൻപ് സർവീസ് ഉറപ്പാക്കാനും നിർദേശമുണ്ട്.

ഇറാൻ ഖത്തറിലെ യുഎസ് താവളം  ആക്രമിച്ചതിന് പിന്നാലെ എയർ ഇന്ത്യ ഗൾഫ് രാജ്യങ്ങളിലേക്കും പടിഞ്ഞാറൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ നിർത്തി. മധ്യേഷ്യ, നോർത്ത് അമേരിക്കയുടെയും യൂറോപ്പിന്‍റെ ഉത്തരതീരമേഖലയിലേക്കുമുള്ള   സർവീസുകളാണ് പൂർണമായി നിർത്തിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനങ്ങൾ സർവീസ് നടത്തില്ല. നോർത്ത് അമേരിക്കയിൽനിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് പുറപ്പെട്ട വിമാനങ്ങൾ തിരിച്ചിറക്കി. . തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട എട്ട് വിമാന സർവീസുകൾ റദ്ദാക്കി.  ഇന്ന് പുലർച്ചെ വൈകിയെത്തിയ എമിറേറ്റ്സ് തിരുവനന്തപുരം- ദുബായ്, എത്തിഹാദ് തിരുവനന്തപുരം  - അബുദാബി,  എയർ അറേബ്യ തിരുവനന്തപുരം - ഷാർജ വിമാനങ്ങൾ അഞ്ചുമണിക്ക് ശേഷം പുറപ്പെട്ടു. 

നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള 17 വിമാനങ്ങൾ റദ്ദാക്കി. കൊച്ചിയിൽ നിന്നും ദോഹ, ദുബായ്, അബുദാബി, റാസ് അൽ ഖൈമ, മസ്കറ്റ്, കുവൈറ്റ് എന്നിവിടങ്ങളിലേക്കും, തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഇന്നലെ രാത്രി വിമാനങ്ങൾ പെട്ടെന്ന് റദ്ദാക്കിയതോടെ ഒട്ടേറെ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നു. കരിപ്പൂർ  വിമാനത്താവളത്തിൽനിന്ന് വിവിധ ഗൾഫ് നാടുകളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളും റദ്ദാക്കി. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി തിരുവനന്തപുരം വിമാനത്താവള അധികൃതർ അറിയിച്ചു.എന്നാൽ കൃത്യമായി വിവരങ്ങൾ ലഭിക്കുന്നില്ല എന്നായിരുന്നു യാത്രക്കാരുടെ പരാതി.

ENGLISH SUMMARY:

U.S. President Donald Trump announced that the ceasefire between Israel and Iran is currently in effect and urged both parties not to violate it. Reports suggest that Iran has accepted the ceasefire, and Iran’s Press TV also confirmed it is now in force. However, Israel has not yet responded officially. Meanwhile, there are reports that Israel has closed its airspace.