ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്ക് അന്ത്യശാസനവുമായി ഇസ്രയേല്‍. ഖമനയിയെ ജീവനോടെ തുടരാന്‍ അനുവദിക്കില്ലെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാട്സ് പറഞ്ഞു. ഖമനയിയുടെ ലക്ഷ്യം സാധാരണക്കാരെന്നും കാട്സ് പറഞ്ഞു. ഇസ്രയേലിലെ ആശുപത്രി ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേല്‍ പ്രകോപനം.
ഇസ്രയേല്‍ ബീര്‍ഷെബയിലെ സോറോക്ക ആശുപത്രിയിലാണ് ഇറാന്‍റെ ആക്രമണം നടത്തിയത്. ഇറാനിലെ ഫോര്‍ഡോ ആണവകേന്ദ്രം ആക്രമിക്കാന്‍ യുഎസ് പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇറാന്‍റെ ആക്രമണം. ആശുപത്രിയിലേക്ക് തുടര്‍ച്ചയായി ബലിസ്റ്റിക് മിസൈലുകള്‍ തൊടുത്തു എന്നാണ് വിവരം. ഇസ്രയേലിലെ പ്രധാന ആരോഗ്യകേന്ദ്രങ്ങളിലൊന്നാണ് ആക്രമണം നടന്ന സോറോക്കോ ആശുപത്രി. ആക്രമണത്തില്‍ 40 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
നേരത്തെ ഖമനയി നിരുപാധികം കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാൻ കീഴടങ്ങില്ലെന്നും അമേരിക്കയുടെ സൈനിക ഇടപെടലുണ്ടായാൽ അതിനു വലിയ തിരിച്ചടി നൽകുമെന്നുമായിരുന്നു ഖമനയിയുടെ മറുപടി. ഇറാനെയും ഇറാൻ ജനതയെയും അതിന്റെ ചരിത്രത്തെയും അറിയുന്ന ബുദ്ധിയുള്ള മനുഷ്യരാരും ഈ രാജ്യത്തിനുനേരെ ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കില്ല. കാരണം ഇറാനെന്ന രാജ്യം ഒരിക്കലും കീഴടങ്ങില്ല. മാത്രമല്ല, ഏതെങ്കിലും തരത്തിൽ യുഎസിന്റെ സൈനിക ഇടപെടലുണ്ടായാൽ അതിന് അപരിഹാര്യമായ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്ക മനസ്സിലാക്കണം എന്നായിരുന്നു ഖമനയിയുടെ കുറിപ്പ്.
അതേസമയം, ഇസ്രയേലിനൊപ്പം പങ്കാളിയായി ഇറാന്‍ ആക്രമിക്കാനുള്ള പദ്ധതി യു.എസ്. തയാറാക്കിയെന്ന് റിപ്പോര്‍ട്ട്. ഫോര്‍ദോ ആണവകേന്ദ്രമാണ് യു.എസ് ലക്ഷ്യമിടുന്നതെന്ന് സൂചന. വൈറ്റ് ഹൗസ് ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അന്തിമതീരുമാനം എടുത്തില്ലെന്നാണ് ട്രംപ് പറഞ്ഞിരുന്നത്.