സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇസ്രയേലില്‍ നിന്നും മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി. മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കരമാര്‍ഗം മറ്റ് രാജ്യങ്ങളിലേക്ക് പോകണമെന്ന് ടെല്‍അവീവിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ജോര്‍ദാനിലേക്കും ഈജിപ്തിലേക്കും ഈ–വീസയ്ക്ക് അപേക്ഷിക്കമെന്നും ഇസ്രയേലില്‍ തുടരുന്നവര്‍ എംബസിയുമായി ബന്ധപ്പെടണമെന്നുമാണ് നിര്‍ദ്ദേശം.
ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ നേരത്തെ തുടങ്ങി. 110 പേരെ അതിര്‍ത്തി കടത്തി അര്‍മേനിയയിലെത്തി. ആദ്യ സംഘം നാളെ ഡല്‍ഹിയിലെത്തും. ടെഹ്റാനില്‍ നിന്ന് ഒഴിപ്പിച്ച വിദ്യാര്‍ഥി സംഘം അര്‍മേനിയന്‍ തലസ്ഥാനമായ യെരവാനിലെത്തി. 110 പേരെയാണ് അതിര്‍ത്തി വഴി അര്‍മേനിയയില്‍ എത്തിച്ചത്. ഇതില്‍ 90 പേരും കശ്മീരികളാണ്. ടെഹ്റാനിലെ ഉര്‍മിയ സര്‍വകലാശാല വിദ്യാര്‍ഥികളാണ് എല്ലാവരും.
അര്‍മേനിയന്‍ വിദേശകാര്യമന്ത്രി അരാരത് മിര്‍സോയനുമായി വിദേശകാര്യമന്തി എസ്.ജയശങ്കര്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യക്ക് പൂര്‍ണ സഹായം ഉറപ്പു നല്‍കിയെന്ന് മിര്‍സോയന്‍ വ്യക്തമാക്കി. എംബസിയുമായി ബന്ധപ്പെട്ടിട്ടില്ലാത്ത മുഴുവന്‍ പൗരന്‍മാരും എത്രയും വേഗം ബന്ധപ്പെടണമെന്ന് ഇറാനിലെ ഇന്ത്യന്‍ എംബസി കര്‍ശന നിര്‍ദേശം നല്‍കി.