കടുത്ത വേനലില്‍ വെന്തുരുകുകയാണ് ഗള്‍ഫ്. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുംവിധം പുറംജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷിക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങളില്‍ ഉച്ചവിശ്രമ നിയമം നടപ്പാക്കിത്തുടങ്ങി. ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ പാടില്ലെന്നാണ് നിയമം.
വേനല്‍ കടുത്തതോടെ അൻപതു ഡിഗ്രീ സെല്‍ഷ്യസിന് മുകളിലാണ് മിക്ക ഗള്‍ഫ് രാജ്യങ്ങളിലും താപനില. കുവൈത്തില്‍ ചൂട് 54 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി. 44 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് യുഎഇയിലെ ശരാശരി താപനില. കൊടും ചൂടിനൊപ്പം ഉഷ്ണവും പൊടിക്കാറ്റും കൂടി എത്തിയതോടെ പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് ജനങ്ങള്‍. വേണ്ടത്ര മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവച്ചേക്കുമെന്ന് ആരോഗ്യവിദഗ്ദര്‍ പറയുന്നു.
സൂര്യാഘാതമുണ്ടായാല്‍ ഉടന്‍ തന്നെ തൊഴിലാളിയെ തണലിലേക്ക് മാറ്റണം. കാലുകള്‍ ഇരുപതോ മുപ്പതോ സെന്‍റീമീറ്റര്‍ ഉയരത്തില്‍വയ്ക്കണം. ഇറുകിയ വസ്ത്രങ്ങള്‍ മാറ്റി ഫാനോ തണുത്ത സ്ഫോഞ്ചോ ഉപയോഗിച്ച് ശരീരം തണുപ്പിക്കുകയും തണുത്ത വെള്ളം കുടിപ്പിക്കുകയും വേണം. അര മണിക്കൂറിനകം സാധാരണ നിലയിലേക്ക് വന്നില്ലെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടാനും നിര്‍ദേശമുണ്ട്.
കുട്ടികൾ, പ്രായമായവർ, രോഗികൾ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. ചൂടിനെ പ്രതിരോധിക്കാൻ ധാരാളം വെള്ളം കുടിക്കുക, പഴവർഗ്ഗങ്ങൾ കഴിക്കുക, അയഞ്ഞ പരുത്തി വസ്ത്രം ധരിക്കുക, തണല്‍ ലഭിക്കുംവിധം തൊപ്പി ധരിക്കുക, സൺസ്‌ക്രീന്‍ ഉപയോഗം ശീലമാക്കുക എന്നിവയാണ് അധികൃതരുടെ നിര്‍ദ്ദേശം.