പ്രവാസികള്‍ക്ക് ആശ്വാസം. യുഎഇയിലെ ബാങ്ക് അക്കൗണ്ടുകളിൽ കുറഞ്ഞ ബാലൻസ് പരിധി വർധിപ്പിക്കാനുള്ള നീക്കം തടഞ്ഞ് യുഎഇ സെൻട്രൽ ബാങ്ക് . ജൂൺ ഒന്നു മുതൽ ബാലൻസ് പരിധി 3,000 ദിർഹമിൽ നിന്ന് 5,000 ദിർഹമായി ഉയർത്തുമെന്നായിരുന്നു ചില ബാങ്കുകൾ ഇടപാടുകാർക്ക് നൽകിയിരുന്ന അറിയിപ്പ്.
കുറഞ്ഞ വരുമാനക്കാരായ താമസക്കാർക്കും ചെറുകിട ബിസിനസുകൾക്കും പുതിയ ബാങ്ക് നയം വലിയ സാമ്പത്തിക ഭാരമാകുമെന്ന ആശങ്ക ഉയർത്തിയിരുന്നു. അക്കൗണ്ട് ഉടമകളുടെ വ്യാപകമായ വിമർശനത്തിന് ഇത് വഴിവെച്ചതോടെയാണ് സെൻട്രൽ ബാങ്കിന്റെ അടിയന്തര ഇടപെടൽ.
പുതിയ ബാലന്‍സ് പരിധി പാലിക്കാത്ത അക്കൗണ്ടുകൾക്ക് പ്രതിമാസം 25 ദിർഹമും, ശമ്പളം ട്രാൻസ്ഫർ ചെയ്യാത്തതും ക്രെഡിറ്റ് കാർഡോ ബാങ്ക് വായ്പയോ ഇല്ലാത്തതുമായ അക്കൗണ്ടുകൾക്ക് 105 ദിർഹമും ഈടാക്കുമെന്നായിരുന്നു മുൻപ് അറിയിച്ചിരുന്നത്. ഇത് കുറഞ്ഞ ശമ്പളമുള്ളവരെ കുഴക്കിയതോടെയാണ് ഉപഭോക്താക്കളിൽ ഇത് ഉണ്ടാക്കുന്ന ആഘാതം പഠിക്കാൻ സെൻട്രൽ ബാങ്ക് തീരുമാനിച്ചത്.
വർധന തൽക്കാലം നിർത്തിവയ്ക്കാനും കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രാബല്യത്തിൽ വരുത്തരുതെന്നും ബാങ്കുകൾക്ക് നിർദേശം നൽകി. 5,000-14,999 ദിർഹം വരെ ശമ്പളം ട്രാൻസ്ഫർ ചെയ്യുന്നവരും ക്രെഡിറ്റ് കാർഡ് എടുത്തവരും നിരക്കിൽ നിന്ന് ഒഴിവാക്കപ്പെടുമെന്ന് അറിയിപ്പിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ , മറ്റു ബാങ്കുകളും സമാന തീരുമാനമെടുക്കുമെന്ന സാഹചര്യത്തിലാണ് സെൻട്രൽ ബാങ്കിന്റെ നിർണായക ഇടപെടൽ.