TOPICS COVERED

ഗാസയില്‍ ആക്രമണം രൂക്ഷമാക്കി ഇസ്രയേല്‍. തിങ്കളാഴ്ച നടത്തിയ രണ്ട് വ്യത്യസ്ത വ്യോമാക്രമണങ്ങളിൽ 52 പലസ്തീനികൾ കൊല്ലപ്പെട്ടു. യുദ്ധത്തില്‍ കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് അഭയം നൽകിയിരുന്ന ഗാസയിലെ ദരാജിലുള്ള സ്കൂളിനെ ലക്ഷ്യം വച്ചുള്ള ആക്രമണത്തില്‍ മാത്രം 36 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും കുട്ടികളാണ്.

എന്നാല്‍ ഭീകരകെ ലക്ഷ്യമിട്ടാണ് സ്കൂള്‍ ആക്രമിച്ചതെന്നും ഇവിടെ ഹമാസ് കണ്‍ട്രോള്‍ സെന്‍റര്‍ പ്രവര്‍ത്തിക്കുന്നതായും ഇസ്രയേല്‍ സേന അവകാശപ്പെട്ടു. കനത്ത ആക്രമണത്തിന് പിന്നാലെ ഗാസയുടെ 77 ശതമാനത്തിന്റെയും നിയന്ത്രണം ഇസ്രയേല്‍ സൈന്യം ഏറ്റെടുത്തതായി ഗാസയിലെ മാധ്യമ വിഭാഗം അറിയിച്ചു. അതേസമയം ദീര്‍ഘനാളായി നിര്‍ത്തിവെച്ച ഭക്ഷണവും മരുന്നും അടക്കമുള്ള സഹായം കഴിഞ്ഞാഴ്ച മുതലാണ് ഇസ്രയേല്‍ ഗാസയിലേക്ക് അനുവദിച്ചത്. 

ഇസ്രയേലുമായുള്ള സംഘർഷത്തില്‍ ഹമാസ് വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതായി അൽ-ഷർഖ് അൽ-ഔസത്ത് പത്രം റിപ്പോർട്ട് ചെയ്തു. സാമ്പത്തിക പ്രതിസന്ധി കാരണം ജീവനക്കാർക്കും പ്രവർത്തകർക്കും ശമ്പളം നൽകാൻ ഹമാസിന് സാധിക്കുന്നില്ലെന്നും ലണ്ടൻ ആസ്ഥാനമായുള്ള പത്രത്തിന്‍റെ റിപ്പോർട്ടിലുണ്ട്.  നാല് മാസത്തേക്ക് 900 ഷെക്കൽ (ഏകദേശം 240 യുഎസ് ഡോളർ) മാത്രമാണ് ശമ്പളമായി നല്‍കാന്‍ ഹമാസിന് സാധിച്ചിട്ടുള്ളൂ. ഇത് ഹമാസ് പ്രവര്‍ത്തകര്‍ക്കിടയില്‍ രോഷത്തിന് കാരണമായതായും റിപ്പോര്‍ട്ട് പറയുന്നു. ഇസ്രയേല്‍ പ്രതിരോധ സേനയുടെ കനത്ത ആക്രമണത്തില്‍ മുന്‍നിര നേതൃത്വത്തെ നഷ്ടമാകുന്നതിനിടയിലാണ് ഹമാസിനെ സാമ്പത്തിക ബുദ്ധിമുട്ടുകൾ വലയ്ക്കുന്നത്. 

ഹമാസുമായുള്ള വെടിനിർത്തൽ അവസാനിപ്പിച്ചതിന് ശേഷം മാർച്ച് മുതലാണ് ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചത്. ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കുമെന്നും ഹമാസിനെ ഇല്ലാതാക്കുകയോ നിരായുധീകരിക്കപ്പെടുകയോ ചെയ്യുന്നതുവരെയും ശേഷിക്കുന്ന 58 ബന്ദികളെ മോചിപ്പിക്കുന്നത് വരെയും യുദ്ധം തുടരുമെന്നാണ് ഇസ്രയേലിന്‍റെ മുന്നറിയിപ്പ്. 

ENGLISH SUMMARY:

Israel has captured 77% of Gaza amid intensified attacks, including a deadly airstrike on a school sheltering displaced families that killed 36 people, most of them children. Israel claims the strike targeted a Hamas command center. Meanwhile, Hamas is reportedly struggling financially, unable to pay staff salaries due to prolonged conflict and leadership losses.