Israeli troops deploy at a position near Israel's border with the Gaza Strip, on May 5, 2025. Israel's security cabinet approved the expansion of military operations in Gaza including the "conquest" of the Palestinian territory, an official said on May 5, after the army called up tens of thousands of reservists for the offensive. (Photo by Menahem KAHANA / AFP)

  • അതിര്‍ത്തിയിലേക്ക് അധിക സൈന്യത്തെ വിന്യസിച്ചു
  • ഗാസയുടെ പകുതിയോളം പ്രദേശം ഇസ്രയേലിന്‍റെ കൈവശം
  • ജനങ്ങളെ പൂര്‍ണമായി ഒഴിപ്പിക്കാനും നീക്കം

പലസ്തീനില്‍ നിന്നും ഗാസയെ പൂര്‍ണമായും പിടിച്ചെടുക്കാനുള്ള തീരുമാനത്തിന് ഇസ്രയേല്‍ കാബിനറ്റ് അംഗീകാരം നല്‍കിയെന്ന് സൂചന. ശേഷിക്കുന്ന ബന്ദികളെ ഉടന്‍ വിട്ടയ്ക്കുന്നതിനായി ഹമാസിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നതിനായും ഇസ്രയേലിന്‍റെ താല്‍പര്യങ്ങള്‍ മാനിക്കുന്ന വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്തിച്ചേരുന്നതിനായുമാണ് നടപടിയെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ ഗാസയിലെ ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിക്കാനാണ് ഇസ്രയേലിന്‍റെ നീക്കം.

അധികസ്ഥലങ്ങളിലേക്ക് സേനാവിന്യാസം നടത്തേണ്ട ആവശ്യമുള്ളതിനാല്‍ എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യാന്‍ റിസര്‍വ് സൈനികര്‍ക്ക് ഇസ്രയേല്‍ സൈനിക മേധാവി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയതും റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ക്ക് ആക്കം കൂട്ടുന്നു.നിലവില്‍ ഗാസയുടെ പകുതിയോളം പ്രദേശം ഇസ്രയേലിന്‍റെ കൈവശമാണ്. ഇസ്രയേലുമായുള്ള അതിര്‍ത്തി പ്രദേശവും കിഴക്കു–പടിഞ്ഞാറന്‍ ഇടനാഴിയുമുള്‍പ്പടെയാണിത്. 

ആഴ്ചകളായി മേഖലയില്‍ കടുത്ത പ്രതിരോധമാണ് ഇസ്രയേല്‍ ഉയര്‍ത്തുന്നത്. ജീവന്‍രക്ഷാ മരുന്നുകളടക്കം ഗാസയിലേക്ക് കടക്കുന്നത് തടഞ്ഞിരുന്നു. 2.3 ദശലക്ഷം ജനങ്ങളാണ് ഇസ്രയേല്‍ നടപടിയില്‍ വലഞ്ഞത്. ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ലാതെയുള്ള ദുരിത ജീവിതമാണെന്നും ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്നും മനുഷ്യാവകാശ സംഘടനകള്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹമാസ് ബന്ദികളെ വിട്ടയയ്ക്കാന്‍ ഇത്തരത്തില്‍ സമ്മര്‍ദം ചെലുത്തുകയല്ലാതെ മാര്‍ഗമില്ലെന്നായിരുന്നു അന്ന് മറുപടി. വെടിനിര്‍ത്തല്‍ കരാറിന്‍റെ ഒന്നാം ഘട്ടം പൂര്‍ത്തിയായതിന് പിന്നാലെ ഇസ്രയേല്‍ ഗാസയില്‍ വ്യോമാക്രമണം തുടങ്ങിയിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം 2600ലേറെപ്പേര്‍ ഇതുവരെ കൊല്ലപ്പെട്ടെന്നാണ് കണക്ക്. 

ഘട്ടം ഘട്ടമായുള്ള വെടിനിര്‍ത്തലിലൂടെ യുദ്ധം അവസാനിപ്പിക്കാനും മേഖലയില്‍ സമാധാനം വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും ആദ്യഘട്ടത്തിന് പിന്നാലെ ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്‍വലിയുകയായിരുന്നു. ശേഷിക്കുന്ന ബന്ദികളെ ഉടനടി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഹമാസ് തയ്യാറായില്ല. ഇതോടെ ഹമാസിനെ ഉന്‍മൂലനം ചെയ്തശേഷമേ യുദ്ധം അവസാനിപ്പിക്കൂ എന്ന നിലപാടാണ് ഇസ്രയേല്‍ സ്വീകരിച്ചത്. 

തെക്കന്‍ ഇസ്രയേലില്‍ 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 250 ഇസ്രയേലികളെ ബന്ദികളായി പിടിച്ചുകൊണ്ടുപോവുകയുമായിരുന്നു. പൗരന്‍മാരായ 59 ബന്ദികള്‍ ഇപ്പോഴും ഗാസയിലുണ്ടെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇവരിലെ‍ 35 പേരെങ്കിലും മരിച്ചുപോയതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മിന്നലാക്രമണത്തിനുള്ള ഇസ്രയേല്‍ തിരിച്ചടിയില്‍ 52,000ത്തിലേറെ ജനങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്. യുദ്ധത്തിന് പിന്നാലെ ഗാസയിലെ ജനങ്ങളില്‍ 90 ശതമാനത്തിനും പാര്‍പ്പിടവും സ്വത്തുവകകളും നഷ്ടമായെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ പറയുന്നു. 

ENGLISH SUMMARY:

Israel's cabinet signals approval to fully capture Gaza, aiming to pressure Hamas for the immediate release of hostages and push for a ceasefire aligned with Israeli interests.