വിശ്വാസികള്‍ക്ക് കൊടുംചൂടില്‍ നിന്ന് ആശ്വാസം നല്‍കാനായി മദീനയിലെ മസ്ജിദുന്നബവിയില്‍ ഭീമന്‍ ഓട്ടോമാറ്റിക് കുടകള്‍ സ്ഥാപിച്ചു. 250 അത്യാധുനിക കുടകളാണ് സ്ഥാപിച്ചത്. വെയില്‍ വരുമ്പോള്‍ ഇവ ഓട്ടമാറ്റിക് ആയി തുറന്നുവരികയും വെയില്‍ മാറിയാല്‍ അടയുകയും ചെയ്യും. ഒരേസമയം 2.3 ലക്ഷത്തോളം തീര്‍ഥാടകര്‍ക്ക് തണല്‍ നല്‍കാന്‍ ഈ കുടകള്‍ക്ക് കഴിയും. 40 ടണ്‍ ഭാരം വരുന്ന കുടകള്‍ പള്ളിമുറ്റത്ത് 140,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. 25 മീറ്ററാണ് ഓരോ കുടകളുടെയും വ്യാസം.
പള്ളിയുടെ പാര്‍ക്കിങ് ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമാണ് കുടകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. സൂര്യോദയത്തിന് 15 മിനിറ്റ് മുന്‍പ് തുറക്കുന്ന കുടകള്‍ അസ്തമയത്തിന് 45 മിനിറ്റ് മുന്‍പ് അടയ്ക്കും. കുടകളുടെ ആകൃതിയും ശ്രദ്ധേയമാണ്. പള്ളിയിലെത്തുന്ന വിശ്വാസികള്‍ക്ക് ആശ്വാസമേകുന്നു എന്നതിമുമപ്പുറം ഇസ്ലാമിക് വാസ്തുവിദ്യയുടെയും ആധുനിക എന്‍ജിനീയറിങ് വൈഭവത്തിന്‍റെയും ഫ്യൂഷനാണ് ഈ കുടകളെന്ന് എന്‍ജിനീയര്‍ അബ്ദുല്ല അല്‍ മൊഹ്മ്മദി പറയുന്നു.
ഉപയോഗത്തിലില്ലാത്തപ്പോള്‍ ഒരുമിച്ച് മടക്കാന്‍ കഴിയുന്ന രണ്ട് ഓവര്‍ലാപ്പിങ് ഭാഗങ്ങളും കുടകള്‍ക്കുണ്ട്. ഇവയ്ക്കുപുറമെ രാത്രി അലങ്കാരത്തിനായി ആയിരത്തിലധികം ലൈറ്റിങ് യൂണിറ്റുകളും വായുസഞ്ചാരം ഉറപ്പാക്കുന്നതിന് 436 മിസ്റ്റിങ് ഫാനുകളും പള്ളിമുറ്റത്ത് സ്ഥാപിച്ചിട്ടുണ്ട്.