റാസൽഖൈമയിൽ ആറ് പേർ സഞ്ചരിച്ചിരുന്ന കാർ കൊക്കയിലേക്ക് മറിഞ്ഞ് ആലുവ സ്വദേശിക്ക് ദാരുണാന്ത്യം. ആലുവ തോട്ടയ്ക്കാട്ടുകര കനാൽ റോഡ് പെരേക്കാട്ടിൽ അഫ്സൽ (43) ആണ് മരിച്ചത്. ദുബായ് ഇ.എല്‍.എല്‍ പ്രോപ്പര്‍ട്ടീസിലെ സെയില്‍സ് ഓഫിസറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.
കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അപകടമുണ്ടായത്. കെട്ടിട നിർമാണ സൈറ്റായ റാക് ജബല്‍ ജെയ്സിൽ നിന്ന് താമസ സ്‌ഥലത്തേക്കു മടങ്ങവേ, റോഡിന്റെ ഒരുവശം ഇടിഞ്ഞതിനെ തുടർന്നാണ് അഫ്‌സൽ അടക്കം ആറ് പേർ സഞ്ചരിച്ച വാഹനം നിയന്ത്രണം തെറ്റി കൊക്കയിലേക്കു പതിച്ചത്.
വാഹനാപകടത്തിനിടെ ഉണ്ടായ ഹൃദയാഘാതമാണ് അഫ്‌സലിന്റെ മരണത്തിന് ഇടയാക്കിയതെന്ന് പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു. മറ്റാർക്കും കാര്യമായ പരുക്കുകളില്ല. കുഞ്ഞുമുഹമ്മദ് - ജൂബൈരിയത്ത് ദമ്പതികളുടെ മകനാണ് അഫ്സൽ. ഭാര്യ: ഷിബിന. മക്കൾ: മെഹറിഷ്, ഇനാര. രണ്ട് വര്‍ഷം മുമ്പാണ് അഫ്സല്‍ യു.എ.ഇയിലെത്തിയത്.