Untitled design - 1

ജിസിസി ഉച്ചകോടിക്ക് നാളെ കുവൈത്ത് വേദിയാകും. അറബ് മേഖലയിലെ അസ്ഥിരതകൾക്കിടയിലും പ്രദേശിക സഹകരണത്തിന്റെ നാഴികക്കല്ലാകും ഉച്ചകോടി എന്നാണ് വിലയിരുത്തൽ.  

ജിസിസി രാജ്യങ്ങളുടെ സഹകരണവും സ്ഥിരതയ്ക്കുമൊപ്പം പലസ്‌തീനിൻ, ലബനോൻ ഉൾപ്പെടെ അറബ് മേഖല നേരിടുന്ന ഗുരുതരമായ വെല്ലുവിളികൾ കൂടി കുവൈത്തിൽ നടക്കുന്ന 45ാമത് ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയിൽ ചർച്ചയാകും. സംയുക്ത പ്രതിരോധ, സുരക്ഷാ സഹകരണവം ഉൾപ്പെടെ മേഖലയിലെ അസ്ഥിരത നേരിടാനുള്ള ശുപാർശകൾ ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.  ഇസ്രായേൽ ആക്രമണങ്ങളും ലംഘനങ്ങളും അപലപിക്കുന്ന രാജ്യാന്തര നീതി ന്യായ കോടതിയുടെ നടപടികളെ പിന്തുണയ്ക്കാൻ രാജ്യാന്തര സമൂഹത്തോട് ഉച്ചകോടി ആവശ്യപ്പെടും. 

ഇതോടൊപ്പം അറേബ്യൻ ഗൾഫിലെ സുരക്ഷിതമായ യാത്രയും എണ്ണ ടാങ്കറുകളുടെ സംരക്ഷണവും പ്രധാന ചർച്ചാവിഷയമാകും. ആഗോള വിപണികളുടെ സ്ഥിരത ഉറപ്പുവരുത്തുന്നതിനും സുപ്രധാന ഊർജ്ജ ധമനിയെ സംരക്ഷിക്കുന്നതിനും  മേഖലയിൽ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. കുവൈത്തും ഇറാഖും തമ്മിലുള്ള സമുദ്രാതിർത്തി പ്രശ്‌നം ഉൾപ്പെടെ അംഗരാജ്യങ്ങളും കൗൺസിലിന് പുറത്തുള്ള രാജ്യങ്ങളും തമ്മിലുള്ള തീർപ്പുകൽപ്പിക്കാത്ത എല്ലാ പ്രശ്നങ്ങളും ചർച്ചകളിൽ ഉൾപ്പെടും. 

ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികളിൽ ഖത്തർ അമീർ ഷെയ്ഖ് തമീം അൽ താനി നേരിട്ട് ഉച്ചകോടിയിൽ പങ്കെടുക്കും. അതേസമയം യുഎഇ പ്രസിഡന്റിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ഷെയ്ഖ് മൻസൂർ ബിൻ സായിദും ഒമാൻ സുൽത്താനെ പ്രതിനിധീകരിച്ച് ഉപ പ്രധാനമന്ത്രി സയ്യിദ് ഫഹ്ദ് ബിൻ മുഹമ്മുദ് അൽ സായിദും ബഹ്റൈൻ രാജാവിനെ പ്രതിനിധീകരിച്ച് കിരീടാവകാശി സൽമാൻ ബിൻ ഹമദ് ഇൽ ഖലീഫയും ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിയുടെ അജണ്ട തീരുമാനിക്കാൻ ചേർന്ന പ്രിപറേറ്ററി മിനിസ്റ്റിയൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ നേരത്തെ തന്നെ കുവൈത്തിലെത്തിയിരുന്നു. 

ENGLISH SUMMARY:

Kuwait will be the venue for the GCC Summit tomorrow