ലബനനില്‍ കരയുദ്ധത്തിന് തുടക്കമിട്ട് ഇസ്രയേല്‍. തെക്കന്‍ ലബനനിലെ വിവിധ ഭാഗങ്ങളിലാണ് നിയന്ത്രിത കരയുദ്ധം ആരംഭിച്ചത്. ഇസ്രയേല്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹിസ്ബുല്ല കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു. വ്യോമസേനയും, ആര്‍ട്ടിലറി യൂണിറ്റും കരയാക്രമണത്തിന് പിന്തുണ നല്‍കുന്നതായും ഇസ്രയേല്‍ പ്രതിരോധ സേന എക്സില്‍ കുറിച്ചു.
രാത്രി മുഴുവന്‍ ബെയ്റൂട്ടില്‍ വ്യോമാക്രമണവും ഷെല്‍ ആക്രമണവും നടന്നതായാണ് വിവരം. രാത്രി മുഴുവന്‍ ഉഗ്രസ്ഫോടനങ്ങളും പുകയും കണ്ടുവെന്ന് ദൃക്സസാക്ഷികള്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. തെക്കന്‍ ലെബനനിലെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകണമെന്ന് ജനങ്ങള്‍ക്ക് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം. അതേസമയം കരയുദ്ധത്തിന് തയാറാണെന്നും സുദീര്‍ഘമായ യുദ്ധമാണ് വരാനിരിക്കുന്നതെന്നും ഹിസ്ബുല്ല പ്രതികരിച്ചു.