വിവാഹം കഴിക്കാൻ ജനിതക പരിശോധന നിർബന്ധമാക്കി അബുദാബി. കുട്ടികളിലെ ജനിതക വൈകല്യങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. അടുത്തമാസം ഒന്ന് മുതൽ നിയമം പ്രാബല്യത്തിലാകും.
പ്രീ മാരിറ്റൽ എക്സാമിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായാണ് വിവാഹത്തിന് ജനിതക പരിശോധന അബുദാബി എമിറേറ്റ് നിർബന്ധമാക്കിയത്. എമിറേറ്റിൽ നിന്ന് വിവാഹിതരാകാൻ ആഗ്രഹിക്കുന്ന സ്വദേശി പൗരൻമാർക്കാണ് നിയമം ബാധകം. 2022 മുതൽ 800 ദമ്പതികളിൽ നടത്തിയ പരിശോധനയിൽ 86 ശതമാനവും ചേർച്ചയുള്ള ജനിതക ഘടനയുള്ളവരാണ്. ബാക്കി പതിനാല് ശതമാനം പേർക്ക് മാത്രമാണ് ആരോഗ്യകരമായ കുഞ്ഞുങ്ങളുണ്ടാകാൻ പ്രത്യേക കുടുംബാസൂത്രണ പദ്ധതി ആവശ്യമായി വന്നത്.
840-ലധികം മെഡിക്കൽ അവസ്ഥകളുമായി ബന്ധപ്പെട്ട 570 ജീനുകളെയാണ് പരിശോധിക്കുന്നത്. ജനിതക വൈകല്യങ്ങളും പാരമ്പര്യമായി വരുന്ന അവസ്ഥകളും ജനിതക പരിശോധനയിലൂടെ ഏറെക്കുറെ കണ്ടെത്താൻ കഴിയും. പരിശോധന നടത്തി പതിനാലാം ദിവസം ഫലമറിയാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കുടുംബജീവിതത്തിലേക്ക് കടക്കുന്നവർക്കുള്ള സുപ്രധാന പ്രതിരോധ നടപടികളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. ഹെൽത്ത് കെയർ സ്പെഷ്യലിസ്റ്റുകളുമായും ജനിതക കൗൺസിലർമാരുമായുമുള്ള കൺസൾട്ടേഷനും പരിശോധനയുട ഭാഗമാണ്. അബുദാബി, അൽ ദഫ്ര, അൽ ഐ 22 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ പരിശോധനയ്ക്കും കൗൺസിലിങ്ങിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.