001
  • മംഗഫ് ദുരന്തത്തിനുമുന്‍പ് കുവൈത്തിനെ നടുക്കിയ തീപിടിത്തം
  • ഭര്‍ത്താവിന്‍റെ രണ്ടാം വിവാഹം തടയാന്‍ ഭാര്യ ടെന്‍റിന് തീയിട്ടു
  • 57 സ്ത്രീകളും കുട്ടികളും വെന്തെരിഞ്ഞു
  • പ്രതി നസ്രയെ 2017ല്‍ തൂക്കിലേറ്റി

2009 ഓഗസ്റ്റ് 15. കുവൈത്തിലെ അല്‍–ജാറാ ഗവര്‍ണറേറ്റിലുള്ള ഓയൂണില്‍ ഒരു വിവാഹാഘോഷം നടക്കുകയാണ്. കുവൈത്ത് സിറ്റിയില്‍ നിന്ന് 32 കിലോമീറ്റര്‍ പടിഞ്ഞാറുള്ള ഗോത്രവര്‍ഗ മേഖലയാണ് അല്‍–ജാറാ. ഇവിടങ്ങളില്‍ പരമ്പരാഗതമായി വലിയ ടെന്റുകളിലാണ് വിവാഹാഘോഷങ്ങള്‍ നടക്കുക. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ടെന്റുകളുണ്ടാകും. അത്തരമൊരു ടെന്റില്‍ സ്ത്രീകളും കുട്ടികളും ആഘോഷത്തിമിര്‍പ്പിലാണ്. വധുവും അവിടെയുണ്ട്. പെട്ടെന്ന് ഒരു ഭാഗത്തുനിന്ന് കൂട്ടനിലവിളി ഉയര്‍ന്നു. തീയാളുകയാണ് ! വെറും മൂന്നുമിനിറ്റിനുള്ളില്‍ ടെന്റ് കത്തിയമര്‍ന്നു. അതിലുണ്ടായിരുന്ന 57 പേര്‍ കത്തിച്ചാമ്പലായി. 90 പേര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റു. കുവൈത്തില്‍ അന്നോളമുണ്ടായ ഏറ്റവും വലിയ തീപിടിത്തദുരന്തം!

kuwait-wedding-fire-venue

തീ കൊളുത്തിയതാര്?

ഒരു യുവതി പെട്രോളില്‍ മുക്കിയ തുണക്കഷ്ണങ്ങള്‍ ടെന്റിലേക്കെറിയുന്നത് കണ്ടു എന്ന സാക്ഷിമൊഴിയാണ് ദുരന്തം അപകടമായിരുന്നില്ലെന്ന് തിരിച്ചറിയാന്‍ വഴിയൊരുക്കിയത്. ആ യുവതിയെ തേടിയുള്ള അന്വേഷണം എത്തിനിന്നത് വരന്റെ ആദ്യഭാര്യയായ ഇരുപത്തിമൂന്നുകാരിയിലാണ്. ദുരന്തത്തിന്റെ പിറ്റേന്ന് നസ്ര യൂസഫ് മുഹമ്മദ് അല്‍–എനെസി എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യതില്‍ നസ്ര കുറ്റം സമ്മതിച്ചു. ചടങ്ങ് അലങ്കോലമാക്കാന്‍ മാത്രമാണ് ഉദ്ദേശിച്ചതെന്നും ആളുകളെ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും അവര്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് നസ്രയെ അറസ്റ്റ് ചെയ്തു.

kuwait-wedding-fire-remnants

എന്തുകൊണ്ട് ക്രൂരകൃത്യം?

ഭര്‍ത്താവും രണ്ട് കുട്ടികളുമടങ്ങിയതായിരുന്നു നസ്ര അല്‍–എനെസിയുടെ കുടുംബം. മുപ്പത്താറുകാരനായ ഭര്‍ത്താവ് സയ്യദ് സഫിരി വീണ്ടും വിവാഹം കഴിക്കാന്‍ ആലോചിക്കുന്നുവെന്ന് മനസിലായതോടെ കാര്യങ്ങള്‍ താളംതെറ്റി. കുവൈത്തില്‍ ബഹുഭാര്യാത്വം നിയമപരമായതിനാല്‍ ഒരാള്‍ക്ക് നാല് വിവാഹം വരെ കഴിക്കാന്‍ അനുമതിയുണ്ട്. സയ്യദ് സഫിരി രണ്ടാം വിവാഹത്തിന് തീരുമാനിച്ച കാര്യം നസ്രയെ അറിയിച്ചു. വിവാഹച്ചടങ്ങിന് വിപുലമായ ഒരുക്കങ്ങളും നടത്തി. ഭര്‍ത്താവിനെ പിന്തിരിപ്പിക്കാന്‍ നസ്ര പലവിധത്തില്‍ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഇതോടെയാണ് വിവാഹം മുടക്കാന്‍ നസ്ര പദ്ധതിയിട്ടത്. വെറും 23 വയസ് മാത്രം പ്രായമുള്ള യുവതിയുടെ പ്രതികാരബുദ്ധിയില്‍ നിന്നുദിച്ച പദ്ധതി പക്ഷേ കൈവിട്ടുപോയി.

kuwait-wedding-fire-utensils

വിവാഹ സല്‍ക്കാരത്തിനായി ഒരുക്കിയ ടെന്റിന് ഒരു വാതില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. സുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിച്ചിരുന്നുമില്ല. പുറത്ത് നല്ല ചൂടായിരുന്നതിനാല്‍ അതിഥികളെല്ലാം ടെന്റിനുള്ളില്‍ത്തന്നെയായിരുന്നു. തീ കൊളുത്തിയ ഉടന്‍ ടെന്റിലെമ്പാടും അത് പടര്‍ന്നു. ടെന്റ് കത്തിവീണതോടെ ആര്‍ക്കും ഓടാന്‍ പോലും കഴിഞ്ഞില്ല. 500 ഡിഗ്രി സെല്‍സിയസിലും അധികമായിരുന്നു ആ സമയത്ത് ടെന്റിനുള്ളിലെ ചൂടെന്ന് അന്വേഷണ റിപ്പോര്‍ട്ടുകളിലുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കരിഞ്ഞുപോയി. മിക്കതും ഡിഎന്‍എ പരിശോധന നടത്തിയാണ് ബന്ധുക്കള്‍ക്ക് കൈമാറിയത്. മരിച്ചത് മുഴുവന്‍ സ്ത്രീകളും കുട്ടികളുമായിരുന്നു.

kuwait-wedding-fire-cloth

വിചാരണ, ശിക്ഷ

ആസൂത്രിതമായ കൊലപാതകം, കൊള്ളിവയ്പ്പ് തുടങ്ങി അനേകം കുറ്റങ്ങള്‍ ചുമത്തിയാണ് നസ്രയെ അറസ്റ്റ് ചെയ്തത്. 2009 ഒക്ടോബറില്‍ വിചാരണ ആരംഭിച്ചു. കുവൈത്ത് സിറ്റിയിലെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വിചാരണക്കോടതിയിലെത്തിച്ചപ്പോള്‍ നസ്ര സംസാരിക്കാന്‍ പോലും കൂട്ടാക്കിയില്ല. ഏറെ സമയത്തിനുശേഷം ജഡ്ജി വീണ്ടും കേസ് എടുത്തു. കുറ്റം ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ‘ഇല്ല’ എന്ന ഒറ്റവാക്കിലൊതുങ്ങി യുവതിയുടെ മറുപടി. നസ്രയുടെ അഭിഭാഷകര്‍ ജയില്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളും നിരത്തി. അറസ്റ്റ് ചെയ്യുമ്പോള്‍ രണ്ടുമാസം ഗര്‍ഭിണിയായിരുന്ന നസ്രയുടെ ഗര്‍ഭം ബോധപൂര്‍വം അലസിപ്പിച്ചു എന്നതായിരുന്നു പ്രധാന ആരോപണം. നസ്രയുടെ ഭര്‍ത്താവിന്റെ ബന്ധുവായ ജയില്‍ ജീവനക്കാരനാണ് മരുന്നുനല്‍കി ഗര്‍ഭം ഇല്ലാതാക്കിയത്. കുവൈത്തില്‍ ഗര്‍ഭിണികളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുമെന്നത് മുന്‍കൂട്ടി കണ്ടാണ് ഇത് ചെയ്തതെന്നായിരുന്നു അഭിഭാഷകരുടെ ആരോപണം.

Jail-1200x672

പ്രതീകാത്മക ചിത്രം (Representative image)

നസ്രയുടെ ഗര്‍ഭം അലസിപ്പിച്ച സാഹചര്യവും കാരണങ്ങളും അന്വേഷിക്കാന്‍ ഉത്തരവിടണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. ആരോപണവിധേയനായ ജയില്‍ ജീവനക്കാരനെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് സ്ഥലംമാറ്റിയ കാര്യവും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി പ്രതികരിച്ചില്ല. പ്രോസിക്യൂഷന്‍ കേസ് നവംബറിലേക്ക് മാറ്റി. മാസങ്ങള്‍ നീണ്ട വിചാരണയ്ക്കൊടുവില്‍ നസ്രയ്ക്ക് കോടതി വധശിക്ഷ വിധിച്ചു. അപ്പീല്‍ കോടതി ശിക്ഷ അംഗീകരിക്കുകയും ചെയ്തു. കേസ് സുപ്രീംകോടതിയിലെത്തി. കുവൈത്തില്‍ അതുവരെ സ്ത്രീകളെ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടില്ല എന്ന പ്രതീക്ഷയിലായിരുന്നു അപ്പീല്‍. എന്നാല്‍ കുറ്റകൃത്യത്തിന്റെ വ്യാപ്തിയും കുറ്റസമ്മതമൊഴിയും സാക്ഷിമൊഴിയുമെല്ലാം കണക്കിലെടുത്ത് സുപ്രീംകോടതി വധശിക്ഷ ശരിവച്ചു. കുവൈത്തില്‍ ആദ്യമായി ഒരു തദ്ദേശീയ വനിതയുടെ വധശിക്ഷ സുപ്രീംകോടതി ശരിവയ്ക്കുന്ന കേസ് ആയി ഇത്.

2017 ജനുവരി 25ന് നസ്ര യൂസഫ് മുഹമ്മദ് അല്‍–എനെസിയെ തൂക്കിലേറ്റി. സെന്‍ട്രല്‍ ജയിലിലാണ് ശിക്ഷ നടപ്പാക്കിയത്. കുഴഞ്ഞുവീണ അവസ്ഥയിലാണ് നസ്രയെ കഴുമരത്തിലേക്ക് കൊണ്ടുപോയതെന്ന് അന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നസ്രയുടെ വധശിക്ഷയും അതിനിടയാക്കിയ ദുരന്തവും കുവൈത്തില്‍ പൊതുചടങ്ങുകളിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

ENGLISH SUMMARY:

The latest fire incident in Kuwait's Mangaf has evoked memories of the 2009 Kuwait wedding fire in Jahra Governorate, where Nasra Yussef Mohammad al-Enezi set a tent ablaze during a wedding ceremony, killing 57 people and injuring about 90 others. The tent, which had only one exit and failed to meet fire safety regulations, was quickly engulfed, trapping many inside. Nasra, the groom's first wife, initially confessed but later claimed her confession was coerced and cited mental disorders and black magic rituals. In 2010, she was convicted and sentenced to death, and she was executed in 2017.