തീപിടിത്തത്തില്‍ മരിച്ച ലൂക്കോസ് (സാബു) ഇടത്, തീപിടിച്ച കെട്ടിടം വലത്.
കുവൈത്തിലെ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച സാജൻ ജോർജ് ജോലിക്കായി കുവൈത്തിലേക്ക് പോയത് ഒരു മാസം മുൻപ്. കൊല്ലം പുനലൂർ സ്വദേശിയായ സാജൻ നരിയ്ക്കൽ വാഴവിള അടിവള്ളൂർ സാജൻ വില്ല പുത്തൻ വീട്ടിൽ ജോർജ് പോത്തന്റെയും വൽസമ്മയുടേയും മകനാണ്. 29 വയസ്സാണ് പ്രായം. എംബിഎ ബിരുദധാരിയായ സാജൻ ദുരന്തമുണ്ടായ കമ്പനിയിലെ ജൂനിയർ കെമിക്കൽ എൻജിനീയറാണ്. ഏക സഹോദരി ആൻസി.
തീപിടിത്തത്തിൽ മരിച്ച മറ്റൊരു മലയാളിയായ വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു– 48) അടുത്ത മാസം നാട്ടിലേക്കു വരാനിരിക്കെയാണ് വീട്ടുകാരെ തേടി ദുരന്തവാർത്തയെത്തിയത്.
ഇന്നലെ രാവിലെയും ലൂക്കോസ് വീട്ടുകാർക്കുള്ള പതിവ് ഗുഡ്മോണിങ് സന്ദേശം അയച്ചു. എന്നാൽ ജോലിക്കു പോകുന്നതനു മുൻപുള്ള പതിവു ഫോൺ വിളി മാത്രം ഉണ്ടായില്ല. മക്കളും ഭാര്യയും തിരികെ വിളിച്ചിട്ട് മറുപടി ലഭിച്ചുമില്ല. ഇതോടെ ആശങ്കയായി. ബന്ധുക്കളും മാറിമാറി ലൂക്കോസിനെ ഉച്ചവരെ ഫോണിൽ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. തീപിടിത്തത്തെപ്പറ്റി ടിവിയിൽ വാർത്ത വന്നതോടെ വെളിച്ചിക്കാല വടകോട്ട് വിളയിൽ ആശങ്കയേറി.
ലൂക്കോസിന്റെ ഭാര്യ ഷൈനിയും മക്കളായ ലിഡിയയും ലോയ്സും ലൂക്കോസിന്റെ മാതാപിതാക്കളായ സി.ഉണ്ണുണ്ണിയും കുഞ്ഞമ്മയും കണ്ണീരും ആശങ്കയും പ്രാർഥനയുമായി മണിക്കൂറുകൾ തള്ളി നീക്കുകയായിരുന്നു. മരിച്ച മലയാളികളിൽ ഒരു കൊല്ലം സ്വദേശിയുണ്ടെന്ന് അറിഞ്ഞപ്പോൾ വീട്ടുകാർ തകർന്നു. ശൂരനാട് സ്വദേശിയാണ് മരിച്ചതെന്നു പിന്നീട് സ്ഥിരീകരിച്ചു. മണിക്കൂറുകൾക്കു ശേഷം ലൂക്കോസിന്റെ മരണ വാർത്തയും എത്തി.
പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും ലൂക്കോസിന്റെ മകൾ എ പ്ലസ് നേടിയിരുന്നു. മകളുടെ കോളജ് അഡ്മിഷനു വേണ്ടിയാണ് സാജൻ നാട്ടിലേക്ക് വരാനിരുന്നത്. 18 വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന ലൂക്കോസ് എൻബിടിസി കമ്പനിയിലെ മെക്കാനിക്കൽ സൂപ്പർവൈസറാണ്.
അതേസമയം തീപിടിത്ത ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് ഇന്ന് കുവൈറ്റിലേക്ക് തിരിക്കും. പരുക്കേറ്റവർക്കുള്ള സഹായത്തിനും മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കാലതാമസമില്ലാതെ നാട്ടിലെത്തിക്കാനുമുള്ള പ്രവർത്തനങ്ങൾ മന്ത്രി ഏകോപിപ്പിക്കും.
ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് തീരുമാനം ഇന്നുണ്ടാകുമെന്നാണ് വിവരം. ഇന്നലെ പ്രധാനമന്ത്രി യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു. മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ സഹായധനവും പ്രഖ്യാപിച്ചു.