nalinakshan

കുവൈത്തിലെ തീപിടിത്ത വാര്‍ത്ത ആളിപ്പിടിപ്പിച്ച ആധിയിലേക്ക് ആശ്വാസമായാണ് ആ ഫോണ്‍കോള്‍ എത്തിയത്. നളിനാക്ഷന്റെ ശബ്ദം ഫോണിൽ കേട്ടപ്പോഴാണ് തൃക്കരിപ്പൂർ ഒളവറയിലുള്ള അമ്മ യശോദയ്ക്കും ഭാര്യ ബിന്ദുവിനും ശ്വാസം പോലും നേരെ വീണത്. നിരവധി പേർ തീപിടിത്തത്തിൽ മരിച്ചുവെന്ന വാർത്ത പരന്നതോടെ കുടുംബം മുഴുവന്‍ ആധിയിലായിരുന്നു.

നളിനാക്ഷന്റെ ജീവൻ കാത്തത് ഒരു വാട്ടർ ടാങ്കാണ്. കെട്ടിടം കത്തിയെരിയുകയും നിലവിളികൾ ഉയരുകയും ചെയ്യുമ്പോൾ വെള്ളത്തിലേക്ക് ചാടാനും രക്ഷപ്പെടാനും നളിനാക്ഷനു സാധിച്ചു. അരയ്ക്ക് പരുക്കേറ്റതൊഴിച്ചാല്‍ ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് നളിനാക്ഷനും കുടുംബവും.

‘കെട്ടിടത്തിന്റെ മൂന്നാം നിലയിൽ തീയിലും പുകയിലും പെട്ടപ്പോൾ എന്തു ചെയ്യണമെന്നു നിശ്ചയമില്ലായിരുന്നു. വെന്തെരിയുമെന്ന ഘട്ടം വന്നപ്പോഴാണ് താഴെയുള്ള വാട്ടർ ടാങ്കിന്റെ കാര്യം ഓർത്തത്. ചാടാൻ പറ്റുന്ന പാകത്തിലാണെന്നും ഓർത്തു. പിന്നീടൊന്നും ആലോചിച്ചില്ല. ആ ഭാഗത്തേക്ക് എടുത്തു ചാടി’

 

‘വീഴ്ചയിൽ അരയ്ക്കു താഴെ പരുക്കേറ്റു. ആശുപത്രിയിൽ എത്തുന്നതുവരെ ബോധമുണ്ടായില്ല’ എന്നാണ് നളിനാക്ഷൻ പീന്നിട് പറഞ്ഞത്. 10 വർഷത്തിലേറെയായി കുവൈത്തിൽ ജോലിയെടുക്കുന്ന നളിനാക്ഷൻ, വിവിധ സംഘടനകളുമായി ചേർന്നു സന്നദ്ധ പ്രവർത്തനവും നടത്തുന്നുണ്ട്.

ENGLISH SUMMARY:

Nalinakshan jumped off to the water tank while fire broke. It was a narrow escape from the hands of death.