ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയുടെ ജീവന്‍ നഷ്ടമായതിന് പിന്നാലെ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ പ്രചാരമേറുകയാണ്. ഇസ്രയേലിന്‍റെ ചാരക്കണ്ണുകളാണ് റെയ്സിയുടെ ജീവനെടുത്തതെന്നും ലേസര്‍ ആക്രമണത്തിലൂടെ കോപ്റ്റര്‍ ചാമ്പലാക്കുകയായിരുന്നുവെന്നും തുടങ്ങി ഖമനയിയുടെ മകനിലേക്ക് വരെ സംശയത്തിന്‍റെ മുന നീളുന്നു.
ഇറാന്‍ പ്രസിഡന്‍റ് സഞ്ചരിച്ച കോപ്റ്റര്‍ അപകടത്തില്‍പ്പെട്ടുവെന്നും ഒപ്പമുണ്ടായിരുന്ന രണ്ട് കോപ്റ്ററുകള്‍ക്ക് കുഴപ്പമില്ലെന്നുമുള്ള വാര്‍ത്തയാണ് മൊസാദിനെ സംശയത്തിന്‍റെ നിഴലിലാക്കിയത്. അസര്‍ബൈജാനില്‍ മൊസാദിനുള്ള സ്വാധീനവും ഇതിന് ആക്കം കൂട്ടി. എന്നാല്‍ അപകടമുണ്ടായി മിനിറ്റുകള്‍ക്കുള്ളില്‍ 'അത് ഞങ്ങളല്ലെ'ന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിലേക്ക് ഇസ്രയേല്‍ പ്രതിനിധിയുടെ അജ്ഞാത സന്ദേശമെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കോപ്റ്റര്‍ അപകടത്തില്‍ സ്വതന്ത്രാന്വേഷണം വേണമെന്നും അത്രയേറെ അവിശ്വസനീയമാണ് കാര്യങ്ങളെന്നും ആളുകള്‍ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
അമേരിക്ക തന്നെയാണ് റെയ്സിയുടെ ജീവനെടുത്തതെന്നാണ് മറ്റൊരു വാദം. കടുത്ത അമേരിക്കന്‍ ഉപരോധത്തില്‍ വലഞ്ഞ ഇറാന്‍ കാലഹരണപ്പെട്ട അമേരിക്കന്‍ നിര്‍മിത കോപ്റ്ററുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ഉപരോധം കാരണം, കോപ്റ്ററുകളുടെ അറ്റുകുറ്റപ്പണിക്കുള്ള സാമഗ്രികള്‍ പോലും ലഭിക്കാറില്ല. കോപ്റ്ററിന്‍റെ പഴക്കവും തകരാറും തന്നെയാവാം മലമടക്കിലിടിച്ച് അപകടമുണ്ടാക്കിയതെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പൈലറ്റ് ചതിച്ചതാണെന്ന തരത്തിലുള്ള ട്വീറ്റുകള്‍ എക്സില്‍ നിറയുന്നുണ്ട്. അല്ലെങ്കില്‍ പ്രസിഡന്‍റിന്‍റെ വ്യൂഹത്തിന് യാതൊരു കുഴപ്പവുമില്ലാതെ മലമടക്ക് താണ്ടാനായെന്നതും റെയ്സിയും വിദേശകാര്യമന്ത്രിയുമടക്കമുള്ളവര്‍ മാത്രം സഞ്ചരിച്ച കോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതും എങ്ങനെയെന്ന് ചോദ്യം ഉയരുന്നു. സ്വന്തം ജീവന്‍ ബലികഴിച്ചും റെയ്സിയുടെ ജീവനെടുക്കാന്‍ പൈലറ്റ് കൂട്ടുനിന്നുവെന്നും ഈ വാദക്കാര്‍ പറയുന്നു. സ്പേസ് ലേസറുപയോഗിച്ച് ആക്രമണം നടത്താന്‍ മൊസാദിന് അമേരിക്കയുടെ സഹായം ലഭിച്ചെന്നും ട്വീറ്റുകള്‍ നിറഞ്ഞിട്ടുണ്ട്.
മൊസാദിനെയും ഇസ്രയേലിനെയും പറയുന്നതിന് മുന്‍പ് റെയ്സിയുടെ മരണത്തിന് ഉത്തരവാദിയാകാന്‍ പോന്ന ഒരാള്‍ ഇറാനിലുണ്ടെന്നും അത് ഖമനയിയുടെ മകനാണെന്നുമാണ് മറ്റൊരു വാദം.86കാരനായ ഖമനയിയുടെ പിന്‍ഗാമിയെന്ന് വാഴ്ത്തപ്പെട്ടയാളായിരുന്നു റെയ്സി. അതുകൊണ്ട് തന്നെ റെയ്സിയുടെ മരണം ഇറാനില്‍ സൃഷ്ടിക്കുന്ന രാഷ്ട്രീയ ശൂന്യതയ്ക്ക് ആഴമേറുകയും ചെയ്യും. റെയ്സിയിലേക്ക് ഖമനയിയുടെ പിന്‍ഗാമിത്വം പോകുന്നതില്‍ അസ്വസ്ഥനായ മകന്‍ മുജ്താബ ഖമനയിയാണ് കൃത്യത്തിന് പിന്നിലെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. റെയ്സി ഇല്ലാതായതോടെ മുജ്താബ പിന്‍ഗാമിയാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാന്‍ ജനത അനാഥരാവില്ലെന്ന ഖമനയിയുടെ വാക്കുകള്‍ ഇതോടൊപ്പം ചേര്‍ത്ത് വായിക്കണമെന്നും ഉള്ളില്‍ നടന്ന ചില കളികളാണ് റെയ്സിയുടെ ജീവനെടുത്തതെന്നും സമൂഹ മാധ്യമത്തില്‍ ആക്ഷേപങ്ങളുയരുന്നു. ഇത്തരം വാദങ്ങളെ പരിഹസിച്ചും ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചിട്ടുണ്ട്. റെയ്സിയുടെ കോപ്റ്റര്‍ സഞ്ചരിച്ച വഴിയില്‍ മാത്രം മൊസാദ് ഒരു പര്‍വതം കൊണ്ട് സ്ഥാപിച്ചുവെന്നും അങ്ങനെയാണ് അപകടമുണ്ടായതെന്നും ട്വീറ്റുകളുണ്ട്.
അപകടത്തിന്‍റെ കാരണത്തെ ചൊല്ലി ലോകം മുഴുവന്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇറാന്‍ ഒരു ദുരൂഹതയും ഇതുവരേക്കും ഉയര്‍ത്തിയിട്ടില്ല. മോശം കാലാവസ്ഥയാണ് അപകടമുണ്ടാക്കിയതെന്നാണ് ഇറാന്‍റെ ഔദ്യോഗിക മാധ്യമം പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നത്. കനത്തമഴയും മൂടല്‍മഞ്ഞും കാഴ്ച മറച്ചതോടെ കോപ്റ്റര്‍ മലമുകളില്‍ ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് ഇറാന്‍ പുറത്തുവിട്ട വിവരം. റെയ്സി വധിക്കപ്പെട്ടതാണെന്ന വാദം ഇറാന്‍ ഉയര്‍ത്താത്ത സ്ഥിതിക്ക് അഭ്യൂഹങ്ങളും ഗൂഢാലോചന സിദ്ധാന്തങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറയും. അന്വേഷണത്തില്‍ മാത്രമേ അപകടത്തിന്‍റെ യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂ.