തീര്‍ത്തും അപ്രതീക്ഷിതമാണ് ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയുടെ വിയോഗം. ഇസ്രയേല്‍ നീക്കങ്ങള്‍ക്കെതിരെ നേരിട്ട് പോര്‍മുഖം തുറന്ന് നീങ്ങുമ്പോള്‍ നേതാവിനെ നഷ്ടപ്പെട്ട നടുക്കത്തിലാണ് ജനത. നിലപാടുകളിലെ കര്‍ക്കശക്കാരനെന്നറിയപ്പെട്ടിരുന്ന റെയ്സി, ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ പിന്‍ഗാമിയാകുമെന്നും വിലയിരുത്തപ്പെട്ടിരുന്നു.
ഇറാന്‍ ജുഡീഷ്യറിയുടെ മുന്‍ തലവനായ റെയ്സി അഴിമതി വിരുദ്ധ പോരാട്ടങ്ങളിലൂടയാണ് ശ്രദ്ധേയനായത്. 2017 ല്‍ പരാജയപ്പെട്ടെങ്കിലും 2021ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെയാണ് റെയ്സി അധികാരത്തിലെത്തിയത്. ഇറാന്റെ ആണവപദ്ധതികള്‍ക്കെതിരായ പാശ്ചാത്യ രാജ്യങ്ങളുടെ നീക്കത്തെ കര്‍ശന നിലപാടോടുകൂടിയാണ് റെയ്സി നേരിട്ടത്.
രാജ്യത്തെ ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത റെയ്സിയുടെ സമീപനം രാജ്യാന്തര മനുഷ്യാവകാശ സംഘടകളുടെ വിമര്‍ശനത്തിന് കാരണമായിരുന്നു.അയ്യായിരത്തോളം രാഷ്ട്രീയ തടവുകാരുടെ വധശിക്ഷ നടപ്പാക്കിയ കമ്മിറ്റിയുടെ ഭാഗമായതോടെ അമേരിക്ക അദ്ദേഹത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്തി. എങ്കിലും പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ മാനസപുത്രനായ ഇബ്രാഹിം റെയ്സി രാജ്യത്തിന്റെ പരമ്പരാഗത നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്തില്ല.
പലസ്തീന്‍ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയും ഹമാസിന് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്ത റെയ്സിയുടെ വിയോഗം പലസ്തീന്‍ ജനതയ്ക്കും കനത്ത ആഘാതമാണ്. 85 വയസുള്ള പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്കു ശേഷം പദവിയിലേക്ക് എത്താനിരിക്കെയാണ് വിയോഗമെന്നതും ഇറാന്‍ ജനതയുടെ ദുഃഖമേറ്റുന്നു.
ഇറാന്‍– അസര്‍ബൈജാന്‍ അതിര്‍ത്തിയിലുള്ള ക്വിസ് കലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മടങ്ങവേയാണ് കോപ്റ്റര്‍ മലമടക്കുകളിലിടിച്ച് തകര്‍ന്ന് റെയ്സിയും വിദേശകാര്യമന്ത്രിയുമടങ്ങുന്ന സംഘം കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന രണ്ട് ഹെലികോപ്റ്ററുകളും സുരക്ഷിതമായി ഇറാനിലെത്തി. ടെഹ്റാനില്‍ നിന്നും 600 കിലോമീറ്റര്‍ അകലെ വച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി തുര്‍ക്കിയും റഷ്യയുമെത്തി. ഒടുവില്‍ പ്രതീക്ഷകളെല്ലാം വിഫലമാക്കി തുര്‍ക്കിയുടെ ഡ്രോണ്‍ കത്തിക്കരിഞ്ഞ കോപ്റ്ററിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.