ജിസിസിരാജ്യങ്ങളിലേക്ക് ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് അംഗീകാരം. മസ്കത്തിൽ ചേർന്ന ജിസിസി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ നാൽപതാമത് യോഗത്തിലാണ് തീരുമാനം. ഒമാൻ ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയാണ് ഇക്കാര്യം അറിയിച്ചത്.
ഷെൻഗൻ വീസാ മാതൃകയിൽ ഗൾഫിലെ ആറ് രാജ്യങ്ങളും സന്ദർശിക്കാൻ കഴിയുന്നതാണ് ഏകീകൃത ടൂറിസ്റ്റ് വീസ പദ്ധതി. ജിജിസി രാജ്യങ്ങളിലെ താമസക്കാർക്ക് അംഗരാജ്യങ്ങൾ സന്ദർശിക്കാൻ ഒറ്റ വീസ സംവിധാനം ആസൂത്രണം ചെയ്യുന്നതായി യുഎഇ സാമ്പത്തികകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഗൾഫ് രാജ്യങ്ങളിലെ ടൂറിസം കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏകീകൃത യാത്രാ റൂട്ട് ഇതിന്റെ ഭാഗമായി തയ്യാറാക്കാനും പദ്ധതിയുണ്ട്. നിലവിൽ ജിസിസി രാജ്യങ്ങളിലെ പൗരൻമാർക്ക് വീസയ്ക്ക് അപേക്ഷിക്കാതെ തന്നെ രാജ്യങ്ങൾ സന്ദർശിക്കാം. എന്നാൽ താമസക്കാർക്ക് അതിർത്തികൾ കടക്കാൻ വീസ ആവശ്യമാണ്. ഏകീകൃത ടൂറിസ്റ്റ് വീസ പദ്ധതി നടപ്പാവുന്നതോടെ ഒറ്റ വീസകൊണ്ട് മറ്റ് എൻട്രീ പെർമിറ്റുകളില്ലാതെ സന്ദർശകർക്ക് ജിസിസി രാജ്യങ്ങൾ ആറും സന്ദർശിക്കാൻ കഴിയും.
ജിസിസി രാജ്യങ്ങളിലെ ഗതാഗതനിയമലംഘനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് സംവിധാനത്തിനും യോഗത്തിൽ തുടക്കം കുറിച്ചു.
ഗതാഗത സുരക്ഷ ഉറപ്പാക്കുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബുദൈവി പറഞ്ഞു.
GCC approves unified tourist visa for UAE, Saudi Arabia, Qatar, Kuwait, Oman and Bahrain