93–ാം ദേശീയദിനം ആഘോഷിക്കുന്ന സൗദി അറേബ്യയെ അഭിനന്ദിച്ച് യുഎഇ നേതാക്കൾ. സൽമാൻ രാജാവിനെയും കിരീടാവകാശിയം പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനെയും യുഎഇ പ്രസിഡന്‍റ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ അഭിനന്ദിച്ചു. തിരുഗേഹങ്ങളുടെ സംരക്ഷകൻ സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും സൗദി ജനതയ്ക്കും അവരുടെ 93-ാം ദേശീയ ദിനത്തിൽ അഭിനന്ദനങ്ങൾ നേരുന്നതായാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. ഒപ്പം സൗദിയുടെ പുരോഗതിയും സമൃദ്ധിയും തുടരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഇരുരാജ്യങ്ങൾക്കും ഇടയിലെ ഊഷ്മള ബന്ധം വെളിവാക്കുന്ന ദൃശ്യങ്ങളും അദ്ദേഹം എക്സില്‍ പങ്കുവച്ചിട്ടുണ്ട്.
വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സൗദി നേതാക്കളേയും ജനതയേയും അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. സൗദി ജനതയുടെ നന്മയും സുരക്ഷിതത്വവും അഭിമാനവും ശാശ്വതമാക്കാൻ ദൈവത്തോട് അപേക്ഷിക്കുന്നെന്നും അദ്ദേഹം കുറിച്ചു. ‘രണ്ട് സഹോദരങ്ങൾക്കിടയിൽ സാഹോദര്യവും സ്നേഹവും ശാശ്വതമാക്കാൻ. പുതുവത്സരാശംസകൾ... നിങ്ങളുടെ ആളുകൾ സുഖമായിരിക്കട്ടെ... നിങ്ങളുടെ മഹത്വത്തിന്റെ കൊടി ഉയരത്തിൽ പറക്കട്ടെ’, അദ്ദേഹം എക്സില്‍ കുറിച്ചു
അതേസമയം, ദുബായിലെ സൗദി കോൺസുലേറ്റ് ജനറൽ ഹിൽട്ടൺ അൽ ഹബ്‌തൂർ സിറ്റിയിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ ദുബായ് രണ്ടാം ഉപ ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കെടുത്തു. ദുബായിലെ സൗദി കോൺസൽ ജനറൽ അബ്ദുല്ല അൽ മുതവയാണ് ഷെയ്ഖ് അഹമ്മദിനെ വേദിയിൽ സ്വീകരിച്ചത്. ‘സൽമാൻ രാജാവിനും, മുഹമ്മദ് ബിൻ സൽമാനും യുഎഇ നേതൃത്വത്തിന്റെയും ജനങ്ങളുടെയും ആശംസകൾ’ ഷെയ്ഖ് അഹമ്മദ് അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢമായ ബന്ധവും അദ്ദേഹം എടുത്തുപറഞ്ഞു. ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇരുനേതൃത്വങ്ങളുടെ താൽപ്പര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദി ദേശീയ ദിനാഘോഷത്തിൽ പങ്കെടുത്തതിന് സൗദി കോൺസൽ ജനറൽ ഷെയ്ഖ് അഹമ്മദിനെയും അഭിനന്ദിച്ചു. ബന്ധങ്ങൾ ദൃഢമാക്കുന്നതിൽ ഇരു രാജ്യങ്ങളിലെയും നേതാക്കളുടെ താൽപര്യമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
93rd National Day; UAE Leaders congratulates Saudi Arabia