neyadi-uae

ചരിത്രം കുറിച്ച ബഹിരാകാശ യാത്രയ്ക്ക് ശേഷം സ്വദേശത്ത് തിരിച്ചെത്തിയ സുൽത്താൻ അൽ നെയാദിക്ക് ഉജ്വല വരവേൽപ്പ് നൽകി യുഎഇ.  അബുദാബിയിലെ രാജ്യാന്തര  വിമാനത്താവളത്തിൽ യുഎഇ ഭരണാധികാരികൾ ഉൾപ്പെടെ നെയാദിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

 

പ്രൗഢോജ്വല സ്വീകരണം

 

പ്രാദേശിക സമയം വൈകിട്ട് അഞ്ച് മണിക്കാണ് യുഎഇയുടെ അഭിമാനം സുൽത്താൻ അൽ നെയാദി സ്വന്തം നാട്ടിലെത്തിയത്. ഹൂസ്റ്റണിൽ നിന്ന് പ്രസി‍‍ഡൻഷ്യൽ വിമാനത്തിലെത്തിയ നെയാദിയെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിച്ച് ഏഴ് പോർ  വിമാനങ്ങളുടെ അകമ്പോടിയോടെയാണ്  രാജ്യം വിമാനത്താവളത്തിലേക്ക് വരവേറ്റത്. ദേശീയപാതകയുടെ വർണങ്ങൾ വാരിവിതറിയായിരുന്നു പോർ വിമാനങ്ങൾ നെയാദിക്ക് അകമ്പടി സേവിച്ചത്.   ജന്മനാടായ അൽ ഐന്റെ പേര് ആലേഖനം ചെയ്ത പ്രസിഡൻഷ്യൽ വിമാനത്തിൽ വന്നിറങ്ങിയ നെയാദിയെ എതിരേറ്റത് മക്കളും പിതാവും ചേർന്ന്. അവരെ ആലിംഗനം ചെയ്ത് നേരെ വിമാനത്താവളത്തിൽ. യുഎഇ പ്രസിഡന്റ് ഷൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തൂമും ചേർന്ന് സ്വീകരിച്ചു. ബഹിരാകാശത്തേക്ക് കൊണ്ടുപോയ യുഎഇയുടെ പതാക ഭദ്രമായി ഭരണാധികാരികളെ തിരിച്ചേൽപിക്കുകയാണ് ആദ്യം നെയാദി ചെയ്തത്. പിന്നെ ഭരണാധികാരികൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമിരുന്ന് അൽപനേരം കുശലാന്വേഷണം. സ്വീകരണ ചടങ്ങിന് പരമ്പരാഗത വാദ്യമേളങ്ങളും നൃത്തവും മാറ്റുകൂട്ടി.

 

സ്വപ്നം യാഥാർഥ്യമായി, ഏത് ദൗത്യത്തിനും തയ്യാ‍ർ

 

സ്വപനം യഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് താനെന്ന് സുൽത്താൻ അൽ നെയാദി.  യുഎഇ യുടെ ഏത് ദൗത്യത്തിന്റെ ഭാഗമാവാനും ഇനിയും താൻ തയ്യാറാണ്. വ്യക്തിപരമായി ആഗ്രഹം ചന്ദ്രനിലും ചൊവ്വയിലും പോകാൻ. എന്നാൽ അതെല്ലാം ഇനിയുള്ള അവസരങ്ങൾക്കും ആരോഗ്യസ്ഥിതിയും അനുസരിച്ചായിരിക്കും. ബഹിരാകാശനിലയത്തിലെ താമസവും റേഡിയേഷനും, ശരീരത്തെ ഏതൊക്കെ തരത്തിൽ ബാധിച്ചിട്ടുണ്ടെന്നത് അനുസരിച്ചായിരിക്കും ഭാവി പരിപാടികൾ. കണ്ണും കാതുമെല്ലാം പരിശോധിച്ച് ആരോഗ്യസ്ഥിതി ഉറപ്പുവരുത്തേണ്ടതുണ്ട്.

 

ഇനി ഒന്ന് ഉറങ്ങണം

 

നാട്ടിൽ തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കിട്ട നെയാദി ആദ്യം ഒന്ന് നന്നായി ഉറങ്ങണമെന്നും പറഞ്ഞു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം. അവരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകണം.  പ്രാർഥനയ്ക്കും പള്ളിയിൽപോകാനും സമയം കണ്ടെത്തണം. മകൻ ആവശ്യപ്പെട്ടത് പോലെ മുഹമ്മദ് റാഷിദ് സ്പേസ് സെന്ററിന്റെ ഭാഗ്യചിഹ്നമായ സുഹൈലിനെ ബഹിരാകാശനിലയത്തിന് നിന്ന് കൊണ്ട് വന്ന് അവന് നൽകാനായി.  

 

ചന്ദ്രയാന്റെ വിജയത്തിൽ അഭിമാനം

 

ഇന്ത്യയുടെ ചന്ദ്രയാൻ വിജയത്തിൽ അഭിമാനമുണ്ടെന്ന് സുൽത്താൻ അൽ നെയാദി. ഒരേ മേഖലയിൽ നിന്നുള്ള രാജ്യമായതിനാൽ ഏറെ അഭിമാനത്തോടെയാണ് ചന്ദ്രയാന്റെ ലാൻഡിങ് വിക്ഷിച്ചത്.

 

ഐഎസ്ആർഓയുമായി സഹകരണം തുടരും

 

ബഹിരാകാശ രംഗത്ത് ഐ എസ് ആ‍ർ ഒയുള്ള സഹകരണം കൂടുതൽ ശക്തമാക്കുമെന്ന് മുഹമ്മദ്‌ ബിൻ റാഷിദ്‌ സ്പേസ് സെന്റർ ഡയറക്ടർ ജനറൽ സലേം അൽമറി പറഞ്ഞു. നേരത്തെയും ഐഎസ്ആ‍ർഒയുമായി സഹകരിക്കുന്നുണ്ട്. വിജയിക്കുന്നതിന്റെ ട്രാക് റെക്കോർഡുള്ള ഐഎസ്ആർഒയുമായുള്ള കൂടുതൽ സഹകരണമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

 

സ്പേസ് വോക്ക് ഏഴ് മണിക്കൂർ പിന്നിട്ടത് അറിഞ്ഞില്ല

 

അറബ് മേഖലയിലെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശദൗത്യം പൂർത്തിയാക്കിയാണ് നെയാദി ജന്മനാട്ടിൽ തിരിച്ചെത്തിയിരിക്കുന്നത്. സ്പേസ് വോക്ക് നടത്തിയ ആദ്യ എമറാത്തിയാണ് അദ്ദേഹം. ഏഴ് മണിക്കൂറാണ് ബഹിരാകാശനിലയത്തിന്റെ അറ്റകുറ്റപ്പണികൾക്കായ് ബഹിരാകാശത്ത് നടന്നത്. അത്രയേറെ സമയം അവിടെ ചെലവഴിച്ചെന്ന് തിരിച്ചറിഞ്ഞത് പിന്നീടാണെന്നും ദൗത്യം പൂർത്തിയാക്കുകമാത്രമായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

 

രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ആറുമാസത്തെ ദൗത്യത്തിനിടെ നാസയിലെ മറ്റു ശാസ്ത്രജ്ഞർക്കൊപ്പം ഇരുന്നൂറോളം പരീക്ഷണങ്ങളിലും സുൽത്താൻ അൽ നെയാദി പങ്കാളിയായിരുന്നു. യുഎഇയിൽ ഒരാഴ്ച ചെലവഴിച്ചശേഷം ബഹിരാകാശദൗത്യത്തിന്റെ ഡീബ്രീഫിങ്ങിനും ആരോഗ്യപരിശോധനകൾക്കുമായി ഹൂസറ്റണിലേക്ക് മടങ്ങും.

 

 

'United in pride': Sultan Al Neyadi receives hero's welcome in Abu Dhabi