indiasaudi

 

 

യുഎഇയ്ക്ക് പിന്നാലെ ഇന്ത്യയുമായി സ്വന്തം കറൻസിയിൽ വ്യാപാരം നടത്താനൊരുങ്ങി സൗദി.  സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് ഇത് സംബന്ധിച്ച ചർച്ചകൾ സജീവമായത്. വ്യാപാര ഇടപാടുകൾ വൈകാതെ രൂപയിലേക്കും റിയാലിലേക്കും മാറും. ഇതോടെ ഡോളറിന്റെ അപ്രമാതിത്വം ഇല്ലാതാക്കുന്നതിനൊപ്പം രാജ്യാന്തരതലത്തിൽ രൂപയുടെ സ്വീകാര്യത വർധിക്കാനും  നീക്കം ഇടയാക്കും. 

 

സൗദിയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി രൂപ-റിയാൽ വ്യാപാരം തുടങ്ങുന്ന കാര്യത്തിൽ ചർച്ചകൾ ഏറെക്കാലമായി നടക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് അതിന് ആക്കം കൂടിയാണ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യാ സന്ദർശനത്തോടെ ഇരുരാജ്യങ്ങളും തമ്മിൽ എട്ട് കരാറുകളാണ് ഒപ്പുവച്ചത്. ഇതിന്റെ കൂടി ചൂവട് പിടിച്ചാണ് സ്വന്തം കറൻസിയിൽ വ്യാപാരമെന്ന ചർച്ചകൾ സജീവമായത്. രൂപയിലും റിയാലിലും വ്യാപാരം തുടങ്ങുന്നതോടെ ഇന്ത്യൻ ബിസിനസിന് അത് ഏറെ ഗുണം ചെയ്യും.  ഡോളറിന്റെ വിനിമയനിരക്കിലെ ഏറ്റക്കുറച്ചിൽ ഇന്ത്യ സൗദി വ്യാപാരത്തെ ബാധിക്കാതെ ആകും. എണ്ണ ഇറക്കുമതിയിൽ ഇത് ഇന്ത്യയ്ക്ക് നേട്ടമാകും. രാജ്യാന്തരവിപണിയിലെ എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകളും ഇന്ത്യയുമായുള്ള വ്യാപാരത്തെ ബാധിക്കാതെ വരും.

 

 

രാജ്യത്തിന്റെ വിദേശനാണ്യശേഖരത്തിന് കോട്ടം തട്ടാതെ വ്യാപാരം നടത്താനാകുമെന്നതാണ് നേട്ടം.  ഇടപാടുകളുടെ ചെലവും സമയവും കുറയ്ക്കുമെന്നതിനൊപ്പം രൂപയുടെ സ്ഥിരത കൂട്ടുമെന്നുമാണ് വിലയിരുത്തൽ.  സൗദിയിൽ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യയ്ക്കാർക്കും പുതിയ നീക്കം വലിയ സാധ്യതകളിലേക്ക് വഴിതുറക്കും. ഇതോടൊപ്പം സൗദിയിൽ റുപേ കാർഡ് അനുവദിക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ചു വരുന്നുണ്ട്. ഹജ്, ഉംറ തീർഥാടകർക്കും സൗദിയിലെ ഇന്ത്യക്കാ‍ർക്കും ഉപകാരപ്പെടുന്നതാണ് നീക്കം.

 

Saudi is ready to trade with India in its own currency