uae

ബഹിരാകാശത്ത് വച്ച് പുസ്തകപ്രകാശനം നടത്തി യുഎഇ ബഹിരാകാശസഞ്ചാരി സുൽത്താൻ അൽ നെയാദി. ആദ്യമായിട്ടാണ് രാജ്യാന്തരബഹിരാകാശനിലയം പുസ്തകപ്രകാശനത്തിന് വേദിയാകുന്നത്. 

 

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തൂം രചിച്ച ,, ദ ജേർണി ഫ്രം ഡസേർട്സ് ടു ദ സ്റ്റാർസ് എന്ന കുട്ടികൾക്കായുള്ള പുസ്തകമാണ് സുൽത്താൻ അൽ നെയാദി ബഹിരാകാശനിലയത്തിൽവച്ച് പ്രകാശനം ചെയ്തത്.  പുസ്തകത്തെ പരിചയപ്പെടുത്തുന്ന വിഡിയോ നെയാദി ട്വിറ്ററിൽ പങ്കുവച്ചു. കരിയറിലെ നാഴികക്കല്ലുകൾ അടയാളപ്പെടുത്തുന്ന അഞ്ച് കഥകളിലൂടെ ഷെയ്ഖ് മുഹമ്മദിന്റെ യാത്രയും  യുഎഇയുടെ വികസനവും നേട്ടങ്ങളുമാണ് പുസ്തകത്തിൽ വിവരിക്കുന്നത്. മൈ ഫസ്റ്റ് ടീച്ചർ എന്ന കഥയിലെ ഒരു ഭാഗവും നെയാദി വായിച്ചു.  യുഎഇ സ്ഥാപക പിതാവ്  ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻറെ കാലത്ത്  ആരംഭിച്ച യുഎഇയുടെ ബഹിരാകാശ യാത്രയെക്കുറിച്ച് ഷെയ്ഖ് മുഹമ്മദ് പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.  ആ ദർശനത്തിനറെ സാക്ഷാത്കാരത്തിൽ സംഭാവന നൽകാനായതിൽ ഏറെ അഭിമാനിക്കുന്നെന്നും നെയാദി പറഞ്ഞു.   കുട്ടികളുടെ ഹൃദയത്തിൽ അസാധ്യമായ കാര്യങ്ങളോടുള്ള സ്നേഹവും,,  രാജ്യത്തിന്റെ ശോഭനമായ ഭാവിയും വളർത്തിയെടുക്കുന്ന അത്ഭുതകരമായ പുസ്തകമാണിതെന്ന്  ട്വിറ്ററിൽ കുറിച്ചുകൊണ്ട് നെയാദി വിഡിയോ പുറത്തുവിട്ടത്.