flight-new

TAGS

കണ്ണൂർ : കോവിഡിന്റെ മറവിൽ വിമാനക്കമ്പനികൾ പ്രവാസികളെ പലവഴികളിൽ പിഴിയുന്നുവെന്ന് പരാതി. അവധി കഴിഞ്ഞ് ഗൾഫ് രാജ്യങ്ങളിലേക്കു മടങ്ങിപ്പോകുന്നവരാണ് ഇതോടെ കടുത്ത ആശങ്കയിലായത്. യാത്രയ്ക്കു മുൻപ് നടത്തുന്ന ആർടിപിസിആർ പരിശോധനയിൽ കോവിഡ് പോസിറ്റീവായാൽ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നൽകാനോ തുക തിരികെ നൽകാനോ ചില എയർലൈൻ കമ്പനികൾ തയാറാകാത്തതാണ് പ്രശ്നം. ഇതോടെ പതിനായിരങ്ങളാണ് നഷ്ടം വരുന്നത്.

 

സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളിലേക്ക് ക്വാറന്റീൻ പാക്കേജ് ഉൾപ്പെടെയാണ് ടിക്കറ്റ് നിരക്ക് നൽകേണ്ടത്. സൗദിയിൽ അഞ്ചു ദിവസവും ഖത്തറിൽ രണ്ടു ദിവസവുമാണ് നിർബന്ധിത ക്വാറന്റീൻ. സൗദി യാത്രയ്ക്ക് 60,000 രൂപ മുതൽ 75,000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. 48 മണിക്കൂർ മുൻപ് നടത്തുന്ന പരിശോധനയിൽ കോവിഡ് പോസിറ്റീവായാൽ യാത്ര മുടങ്ങും. ഈ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി നൽകാനോ തുക തിരികെക്കൊടുക്കാനോ ചില വിമാനക്കമ്പനികൾ തയാറാകാത്തതാണ് പ്രശ്നം.

 

പറയുന്നത് ത്രീ സ്റ്റാർ കിട്ടുന്നത് ലോഡ്ജ്

 

ക്വാറന്റീനിനായി അനുവദിക്കുന്ന മുറികൾ സംബന്ധിച്ചും പരാതികളുണ്ട്. ത്രീ സ്റ്റാർ സൗകര്യത്തോടെയുള്ള താമസ സൗകര്യം ലഭ്യമാക്കുമെന്നാണ് എയർലൈനുകളുടെ വാഗ്ദാനം. ഹോട്ടലുകളുടെ വിവരങ്ങൾ യാത്ര പുറപ്പെടുന്നതിന്റെ തലേദിവസം ലഭ്യമാക്കുകയും ചെയ്യും. എന്നാൽ ഇതിനു പകരം ചില ലോഡ്ജ് മുറികളിലും ക്വാർട്ടേഴ്സ് പോലുള്ള ഒറ്റപ്പെട്ട കെട്ടിടങ്ങളിലും താമസിപ്പിക്കുന്നുവെന്ന പരാതിയാണ് കഴിഞ്ഞ ദിവസങ്ങളിൽ സൗദിയിലേക്ക് യാത്ര ചെയ്തവർ പങ്കുവച്ചത്.

 

കൃത്യതയില്ലാത്ത പരിശോധന ഫലം

 

വിമാനത്താവളത്തിലെ കോവിഡ് പരിശോധനയാണ് യുഎഇ യാത്രക്കാരെ വലയ്ക്കുന്നത്. പരിശോധനയ്ക്ക് കണ്ണൂർ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾ ഈടാക്കുന്ന ഉയർന്ന നിരക്ക് മാത്രമല്ല, കൃത്യതയില്ലാത്ത പരിശോധനാ ഫലവും വിനയാകുന്നതായി ഉദാഹരണങ്ങൾ സഹിതം പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുത്തനെ ഉയർന്നതോടെ സ്വകാര്യ ലാബുകളിൽ നിന്നുള്ള ഫലം വൈകുന്നതും യാത്രക്കാരെ ആശങ്കയിലാക്കുന്നുണ്ട്. 48 മണിക്കൂറിനുള്ളിൽ ഫലം ലഭിച്ചില്ലെങ്കിൽ വിമാനത്താവളത്തിൽ പ്രവേശിക്കാൻ പോലും കഴിയാത്ത സ്ഥിതിയാകും.

 

എ.പി.മുഹമ്മദ്, മാപ്സൺ ട്രാവൽസ്, ജില്ലാ പ്രസിഡന്റ്, സേടെക്.

 

"വിമാനങ്ങൾ അവസാന നിമിഷം റദ്ദാക്കുന്നതും പോസിറ്റീവായവരുടെ ടിക്കറ്റ് മാറ്റി നൽകാത്തതും പ്രവാസികളെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. തുക തിരികെ നൽകുന്നില്ലെന്നതു മാത്രമല്ല, റീഫണ്ട് ട്രാവൽ ഏജൻസികളുടെ അക്കൗണ്ടിൽ നൽകുമെന്നു പറഞ്ഞ് യാത്രക്കാരെ തെറ്റിദ്ധരിപ്പിച്ച സംഭവങ്ങളുമുണ്ട്."

 

മുജീബ് പുതിയവീട്ടിൽ, ഫ്ലൈ സ്കൈ, ടൂർസ് ആൻഡ് ട്രാവൽസ്.

 

"പ്രവാസികളെ പിഴിയുന്ന നയം വിമാനക്കമ്പനികൾ അവസാനിപ്പിക്കണം. ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിക്കുന്നതും ക്വാറന്റീൻ സൗകര്യത്തിനായുള്ള ഹോട്ടൽ ബുക്കിങ് വിമാനക്കമ്പനികൾ വഴി വേണമെന്നു നിർബന്ധം പിടിക്കുന്നതും അനീതിയാണ്. സുരക്ഷിതമായി ക്വാറന്റീൻ സൗകര്യമുള്ളവരെപ്പോലും നിർബന്ധപൂർവം ഹോട്ടലുകളിലേക്ക് അയയ്ക്കുന്ന നയം മാറ്റണം, വിദേശയാത്രയ്ക്ക് ടിക്കറ്റെടുത്താൽ യാത്ര പുറപ്പെടുന്നതിന്റെ ഒരാഴ്ച മുൻപുള്ള സമയം സെൽഫ് ക്വാറന്റീനായി കണക്കാക്കാൻ പ്രവാസികളും ശ്രദ്ധിക്കണം."