ദുബായ് എക്സ്പോയിലെ ഇന്ത്യൻ പവലിയൻറെ മനോഹാരിത അഭിനന്ദിക്കപ്പെടുമ്പോൾ മലയാളികൾക്കും അഭിമാനിക്കാം. പവലിയൻറെ ഉൾവശം രൂപകൽപ്പന ചെയ്തിരിക്കുന്നത് മലയാളികളുടെ സ്ഥാപനമാണ്. പവലിയൻസ് ആൻഡ് ഇൻഡീരിയേഴ്സ് എന്ന സ്ഥാപനമാണ് ഇന്ത്യൻ പവലിയൻറെ വൈവിധ്യം നിറഞ്ഞ ഉൾവശം ഒരുക്കിയിരിക്കുന്നത്.
എക്സ്പോയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്നായ ഇന്ത്യൻ പവലിയൻ കാഴ്ചകൾ കൊണ്ടു സമ്പന്നമാണ്. ബഹിരാകാശ ഗവേഷണവും, യോഗയുമടക്കം മേഖലകളാണ് പവലിയനിൽ ഇന്ത്യ അവതരിപ്പിച്ചിരിക്കുന്നത്. ആ കാഴ്ചകൾക്ക് രൂപകൽപ്പനയൊരുക്കിയിരിക്കുന്നത്
പി.ആൻഡ്.ഐ എന്ന മലയാളികളുടെ സ്ഥാപനമാണ് . കൊച്ചിയിൽ സ്കൂൾ ഓഫ് ആർട് സ്ഥാപിച്ച ആർടിസ്റ്റ് രാമൻറെ മകൻ എം.ആർ ബാബുറാം 1972ൽ ആരംഭിച്ചതാണ് പിആൻഡ് ഐ. ബാബുറാമിൻറെ ഭാര്യ ബീനയുടെ നേതൃത്വത്തിലാണ് ഇപ്പോൾ സ്ഥാപനം. മക്കളും സഹോദരൻ ബിജുവും ഉൾപ്പെടെ അഞ്ചുപേരാണ് ഡയറക്ടർമാർ. കോവിഡ് കാരണമുള്ള വെല്ലുവിളികളുണ്ടായിരുന്നിട്ടും ഏറ്റെടുത്ത ജോലി മികവോടെ പൂർത്തിയാക്കാനായതിൻറെ സന്തോഷത്തിലാണിവർ.
രണ്ടാഴ്ച കൂടുമ്പോൾ സംസ്ഥാനങ്ങളും വകുപ്പുകളും വിവിധ കമ്പനികളും പവലിയനിൽ മാറുന്നതനുസരിച്ച് ഉൾവശത്തെ രൂപകൽപ്പനയും മാറിക്കൊണ്ടിരിക്കും. 90ൽ ലിസ്ബൺ, 2000ൽ ഹാനോവർ, 2010ൽഷാങ്ഹായ് എന്നിവിടങ്ങളിൽ എക്സ്പോ പവിലിയനുകൾ സജ്ജമാക്കി മികവുതെളിയിച്ചതോടെയാണ് പി ആൻഡ് ഐക്ക് എക്സ്പോയിലെ ഇന്ത്യൻ പവലിയനുവേണ്ടിയുള്ള വിളിയെത്തിയത്.
30 വിദേശരാജ്യങ്ങളിലായി 200ഓളം രാജ്യാന്തര പ്രദർശനങ്ങൾക്കും ഇവർ പവയിലൻ തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് ദുബായ് എക്സ്പോയിലെ ഇന്ത്യൻ പവലിയനെന്ന് ബിജുവും കൂടിയുള്ളവരും സാക്ഷ്യപ്പെടുത്തുന്നു.