athira-dubai

TAGS

ദുബായ്: ആതിര ഗീതാ ശ്രീധരന്റെ മുറവിളി അധികൃതർ കേട്ടു. ഗർഭിണിയായ ഇൗ മലയാളി യുവതിക്ക് നാളെ(വ്യാഴം) ആദ്യ വിമാനത്തിൽ തന്നെ കേരളത്തിലേയ്ക്ക് മടങ്ങാം. ടെർമിനൽ രണ്ടിൽ നിന്ന് നാളെ ഉച്ചയ്ക്ക് 2.10നു കോഴിക്കോട്ടേയ്ക്ക് പുറപ്പെടുന്ന എയർ ഇന്ത്യാ എക്സ്പ്രസ് െഎഎക്സ് 344 വിമാനത്തിലാണ് യാത്രയാവുകയെന്ന് ആതിര മനോരമ ഒാൺലൈനിനോട് പറഞ്ഞു. ഇതിനുള്ള ടിക്കറ്റ് ഇന്ന് രാവിലെ ലഭിച്ചു. ഇൻകാസിന്റെ യൂത്ത് കെയർ ക്യാംപെയിനിന്റെ ഭാഗമായി ഷാഫി പറമ്പിൽ എംഎൽഎ ആതിരയ്ക്ക് വിമാന ടിക്കറ്റ് സമ്മാനിച്ചു. പകരം അർഹതപ്പെട്ട 2 പേർക്ക് താൻ വിമാന ടിക്കറ്റ് സൗജന്യമായി നൽകുമെന്ന് ആതിരയുടെ ഭർത്താവ് നിതിൻ ചന്ദ്രൻ പറഞ്ഞു.

 

ദുബായിലെ െഎടി കമ്പനിയിൽ ജോലി ചെയ്യുന്ന കോഴിക്കോട് മുയിപ്പോത്ത് സ്വദേശിനി ആതിര, താനടക്കമുള്ള ഗർഭിണികളെ പ്രവാസ ലോകത്ത് നിന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ഗൾഫിലെ പോഷക സംഘടനയായ ഇൻകാസിന്റെ യൂത്ത് വിങ്ങാണ് ആതിരയുടെ പേരിൽ സുപ്രീം കോടതിയിൽ ഹര്‍ജി ഫയൽ ചെയ്തത്. 

 

ഇൗ ആവശ്യം ഉന്നയിച്ചുള്ള ആതിരയുടെ വീഡിയോ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തതോടെ വൈറലായി. ഭർത്താവിനോടൊപ്പം ദുബായിൽ താമസിക്കുന്ന ആതിര ജൂലൈ ആദ്യവാരം ഒരു കുഞ്ഞിന് ജന്മം നൽകാനിരിക്കുകയാണ്. ആദ്യ പ്രസവമായതിനാൽ നാട്ടിൽ കുടുംബത്തിന്റെ പരിചരണം ആവശ്യമാണെന്നതിനാലാണ് യാത്രയ്ക്ക് ഒരുങ്ങിയത്. 

 

എന്നാൽ, ലോകത്തെ തന്നെ ആകെ വിറപ്പിക്കുന്ന കോവിഡ്–19 നെ തുടർന്നുള്ള ലോക്ക് ഡൗൺ തീരുമാനങ്ങൾ തകിടം മറിച്ചതോടെ യാത്ര പ്രതിസന്ധിയിലായി. 32 ആഴ്ചകൾ കഴിഞ്ഞാൽ വിമാന യാത്ര അനുവദനീയമല്ലാത്തതിനാൽ തന്നെപ്പോലുള്ള ഗർഭിണികളെ എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തിക്കണമന്നായിരുന്നു ആതിരയുടെ ആവശ്യം. 

 

ഇപ്പോൾ 31 ആഴ്ച പൂർത്തിയാകുമ്പോഴാണ് യാത്രയ്ക്കുള്ള അവസരം കൈവന്നത്. യൂത്ത് വിങ് പ്രസിഡന്റ് ഹൈദർ തട്ടത്താഴത്ത്‌, ജിജോ ചിറക്കൽ, ബിബിൻ ജേക്കപ്പ് , സനീഷ് കുമാർ, മിർഷാദ് നുള്ളിപ്പാടി, ഫിറോസ് കാഞ്ഞങ്ങാട്  എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഹർജി നടപടികൾ പൂർത്തിയാക്കിയത്.