jamal-khashogi-turkey

സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം ആസൂത്രിതമെന്നു അംഗീകരിച്ച് സൗദി അറേബ്യ. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിനു കാരണമെന്ന മുൻനിലപാട് പബ്ളിക് പ്രോസിക്യൂട്ടർ തിരുത്തി. അതേസമയം, കൊലപാതകത്തെക്കുറിച്ചുള്ല തെളിവുകൾ തുർക്കി, അമേരിക്കയെ അറിയിച്ചു.

 

ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൌദി ഭരണകൂടത്തിൻറെ വാദങ്ങൾ തെറ്റാണെന്നു വ്യക്തമാക്കുന്നതാണ് സൌദി തുർക്കി സംയുക്ത അന്വേഷണസംഘത്തിൻറെ കണ്ടെത്തലുകൾ. സൌദി കോൺസുലേറ്റിനുള്ളിൽ നടന്ന സംഭവം ആസൂത്രിതമല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമായിരുന്നു സൌദിയുടെ നേരത്തെയുള്ള നിലപാട്. അന്വേഷണസംഘം തെളിവുകൾ ഹാജരാക്കിയതോടെ, കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന് സൌദി പബ്ളിക് പ്രോസിക്യൂട്ടർ സ്ഥിരീകരിച്ചു. അറസ്റ്റിലായ പതിനെട്ടു പ്രതികളെ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തുവരികയാണ്. അതിനിടെ, തുർക്കിയിലെ അങ്കാറയിലെത്തിയ യുഎസ് സെൻറ്രൽ ഇൻറലിജൻസ് ഏജൻസി മേധാവി ജിന ഹാസ്പെല്ലിന്, തുർക്കി കൊലപാതകത്തിൻറെ തെളിവുകൾ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഖഷോഗിയുടെ അവസാനനിമിഷത്തെ ഓഡിയോ ടേപ്പ് ജിന ഹാസ്പെലിനെ കേൾപ്പിച്ചതായാണ് വിവരം. അതേസമയം, സൌദി ഇൻറലിജൻസ് സർവീസ് പരിഷ്ക്കരിക്കാനുള്ള സമിതി, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻറെ നേതൃത്വത്തിൽ യോഗം ചേർന്നു. ഖഷോഗിയുടെ കൊലപാതകവിവരം പുറത്തുവന്നതിനുശേഷമാണ് സമിതി രൂപീകരിച്ചത്.