atlas-ramachandran-gold

‘അവിശ്വസനീയം’ എന്ന വാക്കിന് ഇനി അറ്റ്ലസ് രാമചന്ദ്രന്‍ എന്നു കൂടി അര്‍ഥം പറയാം. കാരണം അത്രത്തോളമായിരുന്നു ആ ജീവിതം. മിന്നും വേഗത്തില്‍ ബിസിനസില്‍ വളര്‍ച്ച. അപ്പോള്‍ ശത്രുക്കള്‍ പോലും ഒരുപക്ഷേ പറഞ്ഞിട്ടുണ്ടാകാം അവിശ്വസനീയം. കാമ്പുള്ള സിനിമയയുടെ അമരത്ത് വിരാജിക്കുമ്പോള്‍ ചലച്ചിത്ര പ്രേമികളും പറഞ്ഞു. അവിശ്വസനീയം. ഒടുവില്‍ ചെക്ക് കേസില്‍പ്പെട്ട് കോടികളുടെ ബിസിനസ് തകര്‍ന്ന് തടവറയില്‍ കിടക്കുമ്പോള്‍ മലയാളി ഒന്നടങ്കം മൂക്കത്ത് വിരല്‍ വച്ച് പറഞ്ഞുപോയി അവിശ്വസനീയം. ഈ വാക്കും അറ്റ്ലസ് രാമചന്ദ്രന്‍റെ ജീവിതവും തമ്മില്‍ ഏറെ ബന്ധമുണ്ട്. പേരിന് മുന്നില്‍ കൊമ്പന് നെറ്റിപ്പട്ടം എന്നപോലെ അറ്റ്ലസ് എന്ന വാക്കും. ഈ പേരുകാരന് ചാര്‍ത്തി കിട്ടിയതിന് പിന്നിലും ഒരു കഥയുണ്ട്. 

‘മുപ്പതുവർഷം മുൻപ് കുവൈത്തിൽ ജ്വല്ലറി തുടങ്ങി പേര് റജിസ്‌റ്റർ ചെയ്യാൻ വാണിജ്യമന്ത്രാലയത്തിലെത്തിയതായിരുന്നു രാമചന്ദ്രന്‍. മലയാളിത്തം തുളുമ്പുന്ന ഒട്ടേറെ  പേരുകളുമായിട്ടായിരുന്നു ചെന്നത്. എന്നാല്‍  ഈ പേരുകളെല്ലാം തള്ളിക്കളഞ്ഞ് പലസ്‌തീനിയായ ഉദ്യോഗസ്‌ഥൻ പറഞ്ഞു: നിങ്ങളുടെ സ്‌ഥാപനത്തിന്റെ പേര് അറ്റ്‌ലസ് എന്നാണ്...’ അവിടെ നിന്നായിരുന്നു തൃശൂർ സ്വദേശിയായ എം.എം.രാമചന്ദ്രൻ അറ്റ്‌ലസ് രാമചന്ദ്രനായി മാറുന്നത്. 

atlas-ramachandran-life

 

പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. തൊട്ടതെല്ലാം വിശ്വസ്തതയുടെ പത്തരമാറ്റാക്കി ആ സ്ഥാപനം വളര്‍ച്ചയുടെ പടവുകള്‍ ഒാടികയറി. വ്യവസായി എന്ന നിലയിൽ മാത്രമല്ല ഹെൽത്ത്കെയർ, റിയൽ എസ്‌റ്റേറ്റ്, ചലച്ചിത്ര നിർമാണ മേഖല എന്നിവിടങ്ങളിലും അറ്റ്ലസ് സ്പര്‍ശം വീണ്ടും കരുത്ത് തെളിയിച്ചു. ആരെയും അമ്പരപ്പിക്കുന്ന വളര്‍ച്ച.  സിനിമയോടും സാഹിത്യത്തോടുമുള്ള കമ്പം അദ്ദേഹത്തെ നടനും നിര്‍മാതാവും സംവിധായകനുമാക്കി. പതിനഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചു. ‘ഹോളിഡേയ്സ്’ എന്ന ഒരു ചിത്രം സംവിധാനം ചെയ്തു. വൈശാലി, സുകൃതം, ധനം തുടങ്ങിയ മലയാളത്തില്‍ നാഴിക്കല്ലായ സിനിമകള്‍ നിര്‍മിച്ചു.  ഇന്നലെ, കൗരവർ, വെങ്കലം, ചകോരം തുടങ്ങി ഒരു ഡസനോളം സിനിമകളുടെ വിതരണവും നടത്തി. സിനിമയുടെ സമകമേഖലകളിലും രാമചന്ദ്രന്‍ ജനകോടികളെ വിസ്മയിപ്പിച്ചു. 

 

അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ക്കിടയിലും മലയാളികള്‍ക്കിടയിലും ചര്‍ച്ചാവിഷയം അദ്ദേഹത്തിന്‍റെ കോട്ടാണ്. ആത്മാംശം ഉള്ള ആ കഥാപാത്രം സിനിമയില്‍ അവതരിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ലാൽ ജോസിന്റെ ‘അറബിക്കഥ’ സിനിമയിൽ അതൊരു കഥാപാത്രമായി അദ്ദേഹം രംഗത്തെത്തി.  വീട്ടിനകത്ത്   ജുബ്ബയും പൈജാമയും, പുറത്ത് കോട്ട്. അതാണ് തന്റെ ‘യൂണിഫോം’ എന്നു പറയുമായിരുന്നു  ഇദ്ദേഹം. കാനറാ ബാങ്ക് ഡൽഹി ശാഖയിൽ ഉദ്യോഗസ്‌ഥനായിരുന്ന കാലത്താണു കോട്ട് ജീവിതത്തിൽ എത്തിയത്. 

 

ഗൾഫ് രാജ്യങ്ങളിൽ മാത്രം അൻപതോളം ജ്വല്ലറികളുണ്ടെങ്കിലും സ്വർണത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ: ‘ആണുങ്ങൾ സ്വർണം ധരിക്കുന്നത് അറുബോറും മഹാവൃത്തികേടുമാണ്. മോതിരം പോലും എന്റെ വിരലിൽ കാണാനാവില്ല. ഇപ്പോഴത്തെ പെൺകുട്ടികൾപോലും സ്വർണം ധരിക്കുന്നില്ല. പക്ഷേ വിവാഹം എത്തുമ്പോൾ ഇവരുടെ നിറംമാറും...’ 2012ൽ മലയാള മനോരമയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ‘ജീവിതകഥ എഴുതുമോ?’ എന്ന ചോദ്യവും അദ്ദേഹത്തിനു നേരെയുണ്ടായി. അന്ന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ: ‘ഒരു കാലത്തും ആ പരിപാടിക്കില്ല. സാധാരണക്കാരൻ മാത്രമാണു ഞാൻ. ഞാൻ ആത്മകഥ എഴുതിയാൽ കേരളത്തിലെ ഓരോ മനുഷ്യനും ആത്മകഥ എഴുതേണ്ടിവരും...’