soudi-levi

സൗദിയില്‍ ആശ്രിത വീസയില്‍ ജോലി ചെയ്യുന്ന വിദേശ അധ്യാപകര്‍ക്ക് ലെവി ഏര്‍പ്പെടുത്തുന്നു. ഇത് മലയാളികളടക്കം ഒട്ടേറെ വിദേശ അധ്യാപകരുടെ ജോലി സാധ്യതയ്ക്ക് മങ്ങലേല്‍ക്കും. ആശ്രിത വീസയിലെത്തി സൗധിയിൽ അധ്യാപകരായി ജോലി ചെയ്യുന്നതിന് അജീറില്‍ രജിസ്റ്റര്‍ ചെയ്ത് അനുമതി നേടണം. സ്വകാര്യ സ്കൂളുകളിലെ ആശ്രിത വീസാ നിയമനത്തിനുള്ള പദ്ധതിയാണ് അജീര്‍. ഇങ്ങനെ രജിസ്റ്റര്‍ ചെയ്ത് അധ്യാപക ജോലി ചെയ്യുന്നവരാണ് വര്‍ഷത്തില്‍ 9500 റിയാല്‍ ലെവി അടയ്ക്കേണ്ടത്. ഇത് അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കാനാണ് നീക്കം. 

ഓരോ വര്‍ഷവും അജീര്‍ പുതുക്കുന്നതിന് ലെവി അടയ്ക്കണം സൌദിയില്‍ കുടുംബ വിസയില്‍ കഴിയുന്നവര്‍ക്ക് മാസത്തില്‍ നല്‍കേണ്ട ലെവിക്ക് പുറമെയാണിത്. ഇതേസമയം സ്കൂളിന്‍റെ സ്പോണ്‍സര്‍ഷിപ്പില്‍ നേരിട്ടെത്തിയ അധ്യാപകര്‍ക്ക് ലെവി ബാധകമല്ല. സ്വകാര്യ സ്കൂളുകളില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ആശ്രിത വീസയിലുള്ളവരാണ്. ഇന്ത്യന്‍ സ്കൂളുകളിലെ അധ്യാപകരില്‍ പകുതിയിലേറെയും മലയാളികളും. അതുകൊണ്ടുതന്നെ പുതിയ ഉത്തരവ് മലയാളികളെയായിരിക്കും കൂടുതല്‍ ബാധിക്കുക. ഇതേസമയം പുതിയ പ്രതിസന്ധി തരണം ചെയ്യുന്നത് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ സ്കൂളുകള്‍ ഉന്നതാധികാര സമിതിയായ ഹയര്‍ ബോഡ് യോഗം വിളിച്ചിട്ടുണ്ട്. അധ്യാപകരുടെ കൊഴിഞ്ഞുപോക്കിന് സാധ്യതയുള്ളതിനാല്‍ ഫീസ് കൂട്ടി പ്രതിസന്ധി മറികടക്കാനാണ് സ്കൂളുകളുടെ നീക്കമെന്നാണ് സൂചന.