nitaqat-t

സൗദിയിൽ കൂടുതൽ മേഖലകളിലേക്ക് നിതാഖത്ത് വ്യാപിപ്പിക്കുന്നു. ഒരു വർഷത്തിനകം 12 തൊഴിൽ മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പാക്കാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. 

 

രാജ്യത്തെ തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും സ്വദേശി യുവാക്കൾക്ക് കൂടുതൽ തൊഴിൽ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് 12 മേഖലകളിലേക്കു കൂടി നിതാഖത്ത് വ്യാപിപ്പിക്കുന്നത്. സെപ്റ്റംബർ പതിനഞ്ച് മുതൽ മൂന്നു ഘട്ടമായിട്ടായിരിക്കും സ്വദേശിവൽക്കരണം നടപ്പാക്കുക. ആദ്യഘട്ടത്തിൽ വാഹന ഷോറൂമുകൾ, തുണിക്കടകൾ, ഫർണിച്ചർ ഷോപ്പുകൾ എന്നിവയായിരിക്കും സ്വദേശിവൽക്കരിക്കുക. നവംബർ ഒന്പതിന് തുടങ്ങുന്ന രണ്ടാം ഘട്ടത്തിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളും കണ്ണടകളും വാച്ചുകളും വിൽക്കുന്ന കടകളിലെ തൊഴിലും സ്വദേശിവൽക്കരിക്കും. ആരോഗ്യ ഉപകരണങ്ങൾ, കെട്ടിട നിർമാണ സാധനങ്ങൾ, സ്പെയർ പാർട്സുകൾ എന്നിവ വിൽക്കുന്ന കടകളാണ് മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മധുരപലഹാര കടകൾ, പരവതാനി കടകൾ എന്നിവിടങ്ങളിലെ ജോലികളും അടുത്ത ജനുവരി മുതൽ സ്വദേശികൾക്ക് മാത്രമായിരിക്കും. പുതിയതായി സ്വദേശിവൽക്കരണം നടപ്പാക്കുന്ന കടകളിലും നേരത്തെ നിശ്ചയിച്ചിട്ടുള്ള വനിതാസംവരണം ബാധകമാണ്. അവിദഗ്ദരായ ലക്ഷക്കണക്കിന് വിദേശി തൊഴിലാളികളെ നേരിട്ട് ബാധിക്കുന്നതാണ് പുതിയ തീരുമാനം. മലയാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് ഇന്ത്യക്കാർക്കും തൊഴിൽ പ്രതിസന്ധി ഉണ്ടാകും. മൊബൈൽ ഷോപ്പുകൾ, ജുവലറികൾ, ലേഡിസ് ഷോപ്പുകൾ എന്നിവിടങ്ങളിൽ നടപ്പിലാക്കിയ സ്വദേശിവൽക്കരണം വിജയകരമായ സാഹചര്യത്തിലാണ് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത്.