kuwait-amnesty-t

കുവൈത്തില്‍ ആരംഭിച്ച പൊതുമാപ്പിന് മികച്ച പ്രതികരണം. ആദ്യദിനത്തില്‍ അപേക്ഷകരായെത്തിയത് നാലായിരത്തിലേറെ ഇന്ത്യക്കാര്‍. 

 

നിയമലംഘകരായ പ്രവാസികള്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാന്‍ പ്രഖ്യാപിച്ച 25 ദിവസത്തെ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ അപേക്ഷകരുടെ വന്‍ തിരക്ക്. ഇന്ത്യന്‍ എംബസിയിലെത്തിയ അപേക്ഷകരുടെ നിര എംബസി പരിസരവും വിട്ട് ഗൾഫ് റോഡിലേക്കും നീണ്ടു. പാസ്പോർട്ട് കൈവശം ഇല്ലാത്തവരാണ് ഇവരിൽ ഭൂരിഭാഗവും. അത്തരക്കാർക്ക് എംബസി എമർജൻസി സർടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ഹെല്‍പ് ഡെസ്കും ആരംഭിച്ചിട്ടുണ്ട്. എമർജൻസി സർടിഫിക്കറ്റ് ആവശ്യമുള്ളവര്‍ പാസ്പോർട്ട് കോപ്പി, രണ്ട് ഫൊട്ടോ, അഞ്ച് ദിനാര്‍ എന്നിവയാണ് കരുതേണ്ടത്. പാസ്പോർട്ട് കോപ്പി ഇല്ലാത്തവർ നാട്ടിലെ തിരിച്ചറിയൽ രേഖകളായ ഡ്രൈവിങ് ലൈസൻസ്, റേഷൻ കാർഡ് തുടങ്ങിയവയുടെ കോപ്പി ഹാജരാക്കണം. നിയമലംഘകര്‍ ഫെബ്രുവരി 22ന് മുന്‍പ് താമസം നിയമവിധേയമാക്കുകയോ അല്ലെങ്കില്‍ രാജ്യം വിടുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു. ഇഖാമ കാലാ‍വധി കഴിഞ്ഞതിനുശേഷമുള്ള ഓരോ ദിവസത്തേക്കും രണ്ട് ദിനാറാണ് പിഴ. കൂടിയ പിഴ 600 ദിനാറും. ഇഖാമ സാധുതയുള്ളതാക്കി മാറ്റണമെങ്കിൽ ഈ പിഴ അടച്ചിരിക്കണം. അതേസമയം രാജ്യംവിടുന്നവർക്ക് പിഴ ബാധകമല്ല.