ദുബായ്: പ്രമുഖ സൗദി അറേബ്യൻ ആതുര സേവനദാതാക്കളായ ഫകീഹ് കെയർ ദുബായ് സിലിക്കൺ ഒയാസിസിൽ ആദ്യത്തെ ആശുപത്രി പ്രോജക്ടുമായി വരുന്നു. ദുബായ് കേന്ദ്രമായ എമിറ്റാക്ക് ഹെൽത്ത്കെയർ സൊല്യൂഷൻസ് ആണ് ഫകീഹ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്ന ഈ മെഗാ പ്രൊജക്റ്റ് സിലിക്കൺ ഒയാസിസ് ഫ്രീസോൺ ടെക്നോളജി പാർക്ക് പ്രദേശത്തെ നിവാസികൾക്കായി ഒരുക്കുന്നത്.
എമിറ്റാക്ക് ഹെൽത്ത്കെയർ സൊല്യൂഷൻസ് സിഇഒ വഫീക് ഫരാജ്, ഫകീഹ് കെയർ ചെയർമാൻ ഡോ. മാസേൻ ഫകീഹ് എന്നിവർ അറബ് ഹെൽത്ത് സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ടു കരാറിൽ ഒപ്പുവച്ചു. വർഷത്തിൽ ഏഴ് ലക്ഷം രോഗികളെ ചികിൽസിക്കാൻ സൗകര്യമുള്ള ഈ അത്യാധുനിക ആശുപത്രിയിൽ നാല്പതിനായിരം രോഗികളെ കിടത്തി ചികിത്സിക്കുകയും ഇരുപതിനായിരം ശസ്ത്രക്രിയകൾ നിർവഹിക്കുകയും ചെയ്യാനുള്ള സൗകര്യമുണ്ടാകും.
പരസ്പ്പരം ബന്ധിപ്പിക്കുന്ന പാലങ്ങളോടു കൂടിയ മൂന്ന് ആശുപത്രി സമുച്ചയങ്ങൾ അടങ്ങിയ ഈ പ്രോജക്ട് 77,375 സ്ക്വയർ മീറ്റർ വലിപ്പമുണ്ടായിരിക്കും. ന്യൂക്ലിയർ ചികിത്സ മുതലുള്ള അതി നൂതന സംവിധാനങ്ങൾ ഈ പടുകൂറ്റൻ ആശുപത്രി ഒരുക്കുന്നുണ്ട്.