ഷാര്‍ജയില്‍ ഒഴിഞ്ഞ സ്ഥലങ്ങളില്‍ ക്രിക്കറ്റും ഫുട്ബോളും കളിക്കുന്നവര്‍ക്കെതിരെ നഗരസഭ നടപടിയെടുക്കുന്നു. നിയമലംഘകര്‍ക്ക് ആളൊന്നിന് 500 ദിര്‍ഹമാണ് പിഴ. വഴിയോരങ്ങളില്‍ കളിക്കുന്നതുമൂലം അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.
അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ അല്ലാതെ ക്രിക്കറ്റോ ഫുട്‌ബോളോ കളിക്കുന്നവര്‍ക്ക് എതിരെയാണ് നഗരസഭയുടെ ശുചിത്വ വിഭാഗം നടപടി ആരംഭിച്ചത്. പാര്‍ക്കുകളിലും പുല്‍ത്തകിടികളിലും കളിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് നഗരസഭ അറിയിച്ചു. നഗരം വൃത്തിഹീനമാക്കുന്നത് പരിശോധിക്കാനായി അമ്പതോളം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുല്‍ത്തകിടിയും സസ്യങ്ങളും നശിപ്പിക്കുന്നതടക്കം പരിശോധനാ വിധേയമാക്കും. പൊതുപാര്‍ക്കില്‍ നിശ്ചിത സ്ഥലത്തല്ലാതെ ഫുട്ബോള്‍ കളിച്ച ഏതാനും പേര്‍ക്ക് പിഴ ചുമത്തിയതായും നഗരസഭ വ്യക്തമാക്കി. ഇവരില്‍ ഏതാനും മലയാളികളും ഉള്‍പെടും. നിയമലംഘകരുടെ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങിയ അധികൃതര്‍ പിഴ അടയ്ക്കുമ്പോള്‍ തിരിച്ചുനല്‍കുമെന്നും അറിയിച്ചു. ജനങ്ങള്‍ക്ക് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിന് സുരക്ഷിതമായ കൂടുതല്‍ സ്ഥലങ്ങള്‍ അനുവദിക്കുമെന്നും നഗരസഭ വ്യക്തമാക്കുന്നു.