ജിസാൻ : ജീവന്റെ ജീവനായി എന്നുമെപ്പോഴും കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ടവരെല്ലാം തന്നെ ഒരു നിമിഷം ഇല്ലാതായതിന്റെ ഞെട്ടലിൽ നിന്ന് ഇൗ മനുഷ്യൻ ഇതുവരെ മോചിതനായിട്ടില്ല. ഇത് സമി അൽ നഅമി. ആറ് മക്കളെയും പ്രിയതമയേയും ഒറ്റയടിയ്ക്കു നഷ്ടപ്പെട്ടതോടെ ഏകനായിപ്പോയ ഒരു സാധാരണക്കാരൻ. എന്തുകൊണ്ട് താനും അവരോടൊപ്പം പോയില്ലെന്ന് ആരോടെന്നില്ലാതെ ചോദിച്ച് വിലപിക്കുകയാണ് ഇൗ ഹതഭാഭാഗ്യൻ. മരണം തന്റെ കുടുംബത്തെ ഒറ്റയടിയ്ക്കു കൊണ്ടുപോയപ്പോൾ സമിയിൽ സങ്കടക്കടൽ ആർത്തട്ടഹസിക്കുന്നു. എങ്കിലും കരയുവാൻ കണ്ണുകളിൽ കണ്ണുനീർ ഇനി ബാക്കിയില്ല. വിവരമറിഞ്ഞെത്തിയവർക്കാകട്ടെ, സാമിയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നും അറിയുന്നില്ല.
ചൊവ്വാഴ്ച ഉച്ചയ്ക്ക് സൗദിയിലെ ജിസാൻ പ്രവിശ്യയിൽ ഹറൂബ് - അൽക്കദമി റോഡിൽ ഉണ്ടായ അതിദാരുണമായ റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ ഏഴു പേരുടെ കുടുംബനാഥനാണ് സമി അൽ നഅമി. ഭാര്യയും ആൺ കുട്ടികളും പെൺകുട്ടികളുമായ ആറ് മക്കളും ഇനി സമിക്ക് കരളിൽ കുത്തുന്ന കദനകാര്യം മാത്രം.
ഹറൂബിൽ വിനോദത്തിന് പോവുകയായിരുന്നു സമിയും കുടുംബവും. തന്റെ കുടുംബാംഗങ്ങളെന്നു പറയാൻ ഇനി സമിയ്ക്കു രണ്ടേ രണ്ടു പേർ മാത്രം - മറ്റൊരു വീട്ടിലായിരുന്നതിനാൽ ഒരു മകൻ സംഘത്തിൽ ചേർന്നിരുന്നില്ല, അതുപോലെ രണ്ടാനമ്മയും. രക്ഷപ്പെട്ട മകനാകട്ടെ തന്റെ ആറ് സഹോദരങ്ങളും ഉമ്മയും മരണപ്പെട്ട വിവരമറിഞ്ഞതോടെ സംസാരശേഷി പോലുമില്ലാത്ത പരുവത്തിലുമായി.
സാബിയ്യഃ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ബുധനാഴ്ച വൈകീട്ട് സംസ്കരിക്കാനായി പള്ളിയിൽ എത്തിച്ചപ്പോൾ, പ്രദേശമാകെ ദുഖസാന്ദ്രമായി. തടിച്ചു കൂടിയിരുന്നു. എല്ലാവർക്കും പറയാനുണ്ടായിരുന്നത് റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ചായിരുന്നു. ജനവികാരം ഉൾകൊണ്ട് അധികൃതരുടെ ഭാഗത്തു നിന്നു നടപടികളും ആരംഭിച്ചു.
റോഡിലെ ടാർ പാളികളിൽ നിന്നു കുണ്ടുകുഴികളിൽ നിന്നും വാഹനത്തെ വെട്ടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ ടിപ്പർ വാഹനം നിയന്ത്രണം വിട്ട് എതിർ ദിശയിലേക്കു തെന്നി മാറുകയും മറുദിശയിൽ വരികയായിരുന്ന സമിയുടെ ഇന്നോവ കാറിൽ ഇടിക്കുകയുമായിരുന്നുവെന്നായിരുന്നു പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഉടൻ ജിസാൻ മേഖലയിലെ ഗതാഗത വിഭാഗം തലവൻ മുഹമ്മദ് അൽ ഹാസിമിയെ പദവിയിൽനിന്ന് സൗദി ഗതാഗത വകുപ്പ് മന്ത്രി ഡോ. നബീൽ ആമൂദി പുറത്താക്കുകയും റോഡിൽ സമയാസമയങ്ങളിൽ വേണ്ടുന്ന അറ്റകുറ്റപ്പണികളിൽ വീഴ്ച വരുത്തിയ കരാർ കമ്പനി, ബന്ധപ്പെട്ട എൻജിനീയർമാർ, ഉദ്യോഗസ്ഥന്മാർ എന്നിവർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.