കുവൈത്തില്‍ പൊതുമേഖലയിലെ വിദേശികളെ മാറ്റി സ്വദേശികൾക്ക് ജോലി ഉറപ്പാക്കുന്നത് സംബന്ധിച്ച് നിയമനിർമാണം ഉടനെയുണ്ടാകും. ജോലിക്കായി കാത്തിരിക്കുന്ന 12,000 സ്വദേശികൾക്ക് പ്രതീക്ഷയേകുന്നതാണ് ഈ നീക്കം. എന്നാല്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ഭാവി അനിശ്ചിതത്വത്തിലേക്ക്
സിവില്‍ സർവീസ് കമ്മീഷന്‍റെയും മാൻ പവർ പബ്ലിക് അതോറിറ്റിയുടെയും ആസൂത്രണ വിഭാഗം സുപ്രീം കൌൺസിലിന്‍റെയും പ്രതിനിധികളുമായി പാർലമെന്‍റിലെ സ്വദേശിവത്കരണ-തൊഴിൽ കമ്മിറ്റി നടത്തിയ ചർച്ചയിലാണ് ഈ നിർദേശം ഉയർന്നുവന്നത്. വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിന് നിലവിലുള്ള പദ്ധതികൾ, അടുത്ത അഞ്ചു വർഷത്തിനകം നടപ്പാക്കേണ്ട സ്വദേശിവത്കരണ തോത്, സ്വദേശി വനിതകൾക്ക് വിദേശ ഭര്‍ത്താവില്‍ ജനിച്ച കുട്ടികളുടെയും തൊഴിൽ എന്നിവയാണ് യോഗം പ്രധാനമായും ചർച്ച ചെയ്‌തത്. നിയമനം സംബന്ധിച്ച് വ്യക്തമായ തീരുമാനമെടുക്കുന്നതിന് ആവശ്യമായ സ്ഥിതിവിവരക്കണക്ക് സർക്കാർ സ്ഥാപനങ്ങളിൽനിന്ന് ലഭ്യമാക്കാനും തീരുമാനമായി. കുവൈത്തില്‍ സ്വദേശിവല്‍കരണം ഊര്‍ജിതമാക്കുന്നതോടെ പൊതുമേഖലയിലെ വിദേശികള്‍ ആശങ്കയിലാണ്. ഇവര്‍ കുറഞ്ഞ വേതനത്തിന് സ്വകാര്യ മേഖലയില്‍ ജോലി കണ്ടെത്തേണ്ടി വരും. ഇതിന് സാധിക്കാത്തവര്‍ സ്വദേശത്തേക്ക് തിരിച്ചുപോകാന്‍ നിര്‍ബന്ധിതരാകും.