ദുബായ് ഗ്ലോബൽ വില്ലേജിലെ യൂറോപ്പ് പവലിയനിൽ എത്തിയാൽ ഒരുനിമിഷം സന്ദർശകർക്ക് തങ്ങളുടെ നാട്ടുമ്പുറത്തെത്തിയതായി തോന്നും. പോളയുടെ വിസിലാണ് ആളുകളെ തങ്ങളുടെ മധുരോർമകളിലേയ്ക്ക് കൈ പിടിച്ചുകൊണ്ടുപോവുക. ബ്രസീൽ സ്വദേശിനി പോളയും ഭർത്താവും സ്വന്തമായി നിർമിക്കുന്ന പ്രത്യേക വിസില്‍ ഉപയോഗിച്ചുള്ള വ്യത്യസ്ത ശബ്ദങ്ങൾ കേൾക്കാൻ ആഗോള ഗ്രാമത്തിെലെത്തുന്നവർ സമയം കണ്ടെത്തുന്നു. പോളയുടെ ഭർത്താവ് അമേരിക്കൻ പവലിയനിലാണ് സ്റ്റാൾ നടത്തുന്നത്.
വളരെ പഴക്കമുള്ള വിസിൽ ഒന്നു പരിഷ്കരിച്ചാണ് ദുബായിലെത്തിച്ചത്. റബറും സിന്തറ്റിക് ഷീറ്റുമുപയോഗിച്ച് നിർമിക്കുന്ന വിസിൽ
ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. നാക്കിൽ ഒട്ടി നിൽക്കുന്ന ഇൗ പീപ്പി സൂക്ഷിച്ച് ഉപയോഗിച്ചാൽ ഏറെ കാലം കേടുവരാതെ വയ്ക്കാം. നന്നായി പരിശീലിച്ചാൽ പോളയെ പോലെ നാനാ ജാതി പക്ഷികളുടെ ഒച്ച ഇതിലൂടയുണ്ടാക്കാനാകുമെന്ന് പോള പറയുന്നു.
എല്ലാവർക്കും സന്തോഷം പകരുകയാണ് ഇൗ പീപ്പി വിളി കൊണ്ട് ഉദ്ദേശിക്കുന്നത്. ജർമനിയിലാണ് ഇതിൻ്റെ ഉത്ഭവം. പിന്നീട്, അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലും വിസിൽ പ്രചാരം നേടി. കൊച്ചുകുട്ടികൾ, കോളജ് വിദ്യാർഥികൾ തുടങ്ങി വയോധികർ വരെ ഇവിടങ്ങളിൽ ഇൗ വിസിൽ ഉപയോഗിക്കുന്നു. നാക്കിൽ ഒട്ടിച്ച് വച്ചാൽ പ്രത്യക്ഷത്തിൽ കാണാത്തതിനാൽ, സ്വയം ശബ്ദമുണ്ടാക്കുന്നതായേ മറ്റുള്ളവർക്ക് തോന്നൂ. ഒരെണ്ണത്തിന് 30 ദിർഹമാണ് വില. നാലെണ്ണം ഒന്നിച്ചെടുക്കുമ്പോൾ 120 ദിർഹം നൽകിയാൽ മതി.