dubai-global-village

ദുബായ് ∙ കളിയും ചിരിയും വിനോദവും ഷോപ്പിങ്ങുമായി ലോക രാജ്യങ്ങളുടെ സംഗമമ വേദിയായ ഗ്ലോബൽ വില്ലേജ് വിജകരമായി മുന്നോട്ട്. വരൂ, ലോകത്തെ അനുഭവിച്ചറിയൂ എന്ന് ലോകത്തെ നോക്കി ഇൗ വശ്യമനോഹര ഗ്രാമം സ്വാഗതമോതുമ്പോൾ മടിച്ച് നിൽക്കാൻ ആർക്കാണ് സാധിക്കുക?

 

കഴിഞ്ഞ നവംബർ ഒന്നിന് സന്ദർശകർക്കായി കവാടം തുറന്ന ആഗോള ഗ്രാമം രണ്ട് മാസത്തിനുള്ളിൽ 24 ലക്ഷത്തിലേറെ പേർ സംബന്ധിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാ സാംസ്കാരിക പ്രവർത്തകരും വ്യാപാരികളും പങ്കെടുക്കുന്ന ഇൗ മഹാ മേള 158 ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ ഏഴിന് സമാപിക്കും.

 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലകള്‍ ആസ്വദിക്കാനും ഭക്ഷണം നുകരാനും ഉത്പന്നങ്ങൾ സ്വന്തമാക്കാനും ലഭിക്കുന്ന അവസരം യുഎഇ സ്വദേശികൾ, ഇതര അറബ് രാജ്യങ്ങൾ, മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ പ്രയോജനപ്പെടുത്തുന്നു. ഇന്ത്യയിൽ നിന്ന് മലയാളികളടക്കം നൂറുകണക്കിന് പേർ നിത്യേന ആഗോളഗ്രാമത്തിലെത്തുന്നുണ്ട്. ബോസ്നിയ, ഒമാൻ, ബംഗ്ലദേശ് എന്നിവ ഇപ്രാവശ്യം പുതുതായി എത്തിയിട്ടുണ്ട്. 

 

പുതിയ ആകർഷണങ്ങൾ

 

കൾചറൽ സ്ക്വയർ, ഗ്ലോബൽ വില്ലേജ് ബൊൾവാർഡ് എന്നിവയാണ് ഇപ്രാവശ്യത്തെ ഏറ്റവും പുതിയ ആകർഷണങ്ങൾ. ഗൾഫിലെ ഏറ്റവും വലതും പുരസ്കാരങ്ങൾ വാരിക്കൂട്ടിയതുമായ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറുന്നു. എല്ലാ വെള്ളിയാഴ്ചകളുടെയും രാവുകളെ സംഗീത  സാന്ദ്രമാക്കാൻ‌ ഇന്ത്യയിൽ നിന്നും ഗൾഫ്, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും കലാകാരന്മാരെത്തുന്നു.  മെഗാ  മോൺസ്റ്റർ സ്റ്റണ്ട് ഷോ, ബൈക്ക് റേസിങ്, മറ്റു സാഹസിക വിനോദങ്ങൾ എന്നിവ ഇടവേളകൾ വിട്ട് അരങ്ങേറുന്നു. ഹോളിവുഡ് ത്രില്ലറുകളിലെ കാഴ്ചകൾ തൽസമയം കാണാൻ അവസരമുണ്ട്. ഭക്ഷണപ്രിയർക്ക് രുചിച്ചുനോക്കാൻ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള വിഭവങ്ങൾ ഇവിടെ അണിനിരക്കുന്നു.

 

പ്രവേശനം ഇങ്ങനെ

 

ശനിമുതൽ ബുധൻവരെ വൈകിട്ടു നാലുമുതൽ രാത്രി 12 വരെയാണു പ്രവേശനം. വ്യാഴാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും നാലുമുതൽ രാത്രി ഒന്നു വരെ. തിങ്കളാഴ്ചകളിൽ വനിതകൾക്കും കുടുംബമായി വരുന്നുവർക്കും മാത്രമാണ് പ്രവേശനം. 15 ദിർഹമാണ് പ്രവേശന നിരക്ക്. കുട്ടികൾക്കും 65 കഴിഞ്ഞവർക്കും പ്രവേശനം സൗജന്യം. പ്രത്യേക പരിചരണം ആവശ്യമുള്ള വിഭാഗങ്ങൾക്കും ഒപ്പമുള്ളയാൾക്കും പ്രവേശനം സൗജന്യമാണ്. 

ലൊക്കേഷനും ചരിത്രവും

 

ദുബായ് നഗരത്തിലെ ഷെയ്ക് മുഹമ്മദ് ബിൻ സയിദ് റോഡ്, (E 311); എക്സിറ്റ് 37. ദുബായ് ലാൻഡ് എന്ന പ്രദേശത്താണ് ഗ്ലോബൽ വില്ലേജ് സ്ഥിതി ചെയ്യുന്നത്. 1996-ൽ കുറച്ച് വില്പന ശാലകളുമായി ദുബായ് നഗരസഭയുടെ എതിർവശത്ത് ദുബായ് ക്രീക്കിൽ ആരംഭിച്ചതാണ്. പിന്നീട് അഞ്ച് വർഷം വാഫി സിറ്റിയിലെ ഊദ് മേത്ത പ്രദേശത്തായിരുന്നു ഗ്ലോബൽ വില്ലേജ്. പിന്നീട് ഇപ്പോഴുള്ള സ്ഥലത്തേയ്ക്ക് മാറ്റി.

 

പാർക്കിങ് സ്ഥലം

 

ഗ്ലോബൽ വില്ലേജിൽ സന്ദർശകർക്ക് തങ്ങളുടെ വാഹനം പാർക്ക് ചെയ്യാൻ വിശാലമായ സൗകര്യമാമ് ഒരുക്കിയിട്ടുള്ളത്. 17,000 കാറുകൾ പാർക്ക് ചെയ്യാം. ഇതിലും കൂടതൽ‌ വാഹനങ്ങൾ വരുമ്പോൾ പാർക്ക് ചെയ്യാനുള്ള സ്ഥലത്ത് നിന്ന് സൗജന്യമായി ബസിൽ വില്ലേജിലേക്കും തിരിച്ചും സന്ദർശകരെ എത്തിക്കുന്നു.