അബുദാബിയിൽ നിന്നുളള വിമാനത്തിന്റെ ശുചിമുറിയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. അബുദാബിയിൽ നിന്ന് ജക്കാർത്തയിലേയ്ക്ക് പോയ വിമാനത്തിന്റെ ശുചിമുറിയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം ശുചിമുറിയിൽ ഉപേക്ഷിച്ച മാതാവിനെ ഇന്തോനീഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്തോനീഷ്യൻ പൗരയുമായ ഹാനി വെസ്റ്റ് (37) എന്ന സ്ത്രീയാണ് പിടിയിലായത്. വിമാനം ജക്കാര്‍ത്ത രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ നാലു വർഷമായി അബുദാബിയിൽ വീട്ടുജോലി ചെയ്യുകയായിരുന്നു ഹാനി വെസ്റ്റ്. ശനിയാഴ്ച ജക്കാർത്തയിലേയ്ക്കുളള ഇത്തിഹാദ് വിമാനം നാല് മണിക്കൂർ പറന്ന ശേഷം ഹാനിക്ക് രക്തസ്രാവമുണ്ടായതിനെ തുടർന്ന് വിമാനം അടിയന്തരമായി ബാങ്കോക്കിലേക്ക് തിരിച്ചുവിടുകയായിരുന്നു. വിമാനത്തിന്റെ ശുചിമുറിയിൽ ഹാനി രഹസ്യമായി പ്രസവിക്കുകയായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു.
ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്തിരുന്ന ഹാനിയെ ബിസിനസ് ക്ലാസിലേക്ക് മാറ്റി ഓക്‌സിജന്‍ മാസ്‌ക് നല്‍കി. തുടര്‍ന്ന് വിമാനം ബാങ്കോക്കിലേക്ക് തിരിക്കുകയാണെന്ന് ക്യാപ്റ്റന്‍ അനൗണ്‍സ് ചെയ്തുവെന്ന് വിമാന ജോലിക്കാരി പറഞ്ഞു. ബാങ്കോക്ക് വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം മെഡിക്കല്‍ സംഘം സ്ത്രീയെ പരിശോധിക്കുകയും ഇവിടെ ഇറക്കുകയുമായിരുന്നു.
ഹാനി ഇല്ലാതെയാണ് വിമാനം ഒരു മണിക്കൂറിനു ശേഷം ജക്കാര്‍ത്ത വിട്ടത്. പിന്നീട് വന്ന വിമാനത്തിലാണ് ഹാനി ജക്കാര്‍ത്തയിലെത്തിയത്. ശുചീകരണ ജോലിക്കാരാണ് വിമാനത്തിലെ ശുചിമുറിയിലെ വലിപ്പില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഇത് യുവതി ഉപേക്ഷിച്ച കുഞ്ഞാണെന്നാണ് നിഗമനം.