ജിദ്ദ: മക്കയിലുണ്ടായ രണ്ടു തീപിടുത്തങ്ങളിലായി ഒരു കുടുംബത്തിലെ അഞ്ചു പേരുൾപ്പെടെ ഏഴു പേർ പൊള്ളലേറ്റു മരിച്ചു. അഞ്ചു പേർക്ക് പരുക്കേറ്റു. മക്കയിലെ ശരായിഅയിൽ ഇന്ന്(ബുധനാഴ്ച) പുലർച്ചെയാണ് ആദ്യ തീപിടുത്തം ഉണ്ടായത്. ഇതിൽ രണ്ടു പേർ മരിച്ചു. ഇവരെ കുറിച്ചുള്ള വിശദാംശങ്ങൾ അറിവായിട്ടില്ല.
ശരായിഅ മുജാഹിദീൻ റോഡിൽ തന്നെ ഏതാനും മണിക്കൂറുകൾക്കു ശേഷമുണ്ടായ രണ്ടാമത്തെ തീപിടുത്തത്തത്തിലാണ് ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് ജീവഹാനിയുണ്ടായത്. അഞ്ചു പേർക്ക് പരുക്കേറ്റു. ആഫ്രിക്കൻ വംശജരാണ് ദുരന്തത്തിന് ഇരയായ കുടുംബം. ഇവർ താമസിച്ചിരുന്ന ഒരു പഴകിയ വീടിന് തീപിടിച്ചാണ് ദുരന്തമുണ്ടായത്.
ശ്വാസം മുട്ടിയും പൊള്ളലേറ്റും അവശനിലയിലായവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
മരവും തകരയും കൊണ്ട് മറച്ചുണ്ടാക്കിയ വീടിന്റെ അകത്തുള്ള മുറ്റത്തു നിന്നാണ് തീ പടർന്നു വീടിനെയാകെ വിഴുകിയത്. മുറ്റത്തു കൂട്ടിയിട്ടിരുന്ന പഴകിയ ഫർണീച്ചറുകൾ മറ്റു അവശിഷ്ട്ടങ്ങൾ എന്നിവയിൽ നിന്നാണ് തീ പടർന്നത്. തീ പടർത്തുന്ന സാധനങ്ങൾ കിടപ്പു മുറിയ്ക്കു സമീപമായി ശേഖരിച്ച് വയ്ക്കരുതെന്ന് സിവിൽ ഡിഫൻസ് പൊതുജനങ്ങളോടു നിർദേശിച്ചു.
അടുത്തതുണ്ടായ തീപിടുത്തങ്ങൾ സംബന്ധിച്ച അന്വേഷണം നടക്കുന്നതായി അധികൃതർ അറിയിച്ചു.